പാലാ : വെള്ളിയേപ്പള്ളി പതിയിൽ ജിസ്‌മോൻ ജോസഫിന്റെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ഏറ്റുമാനൂർ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേൽ ഹരീഷ് മനു (20), ലൈലാ മൻസിലിൽ ഷിഫാസ് റഹിം (19), പ്യാരികുളത്തിൽ സഹിൽ ഷാജി (31) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പുല്ലു തിന്നുന്നതിനായി പറമ്പിൽ കെട്ടിയിരുന്ന 20,000 രൂപ വിലവരുന്ന ആടിനെ സഹിൽ ഷാജിയുടെ ഓട്ടോയിൽ എത്തിയ സംഘം മോഷ്ടിച്ചത്. ആടിനെ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റുന്നത് സമീപത്തുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും ഓട്ടോ തടഞ്ഞ് പൊലീസിൽ അറിയിക്കുകയുമായിരുന്നു.
എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഹരീഷ് മനു 2020 ൽ പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽഫോൺ കടകൾ കുത്തിപ്പൊളിച്ച് ഫോണുകൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കും