പാലാ : ഇരുപത്തിമൂന്ന് വർഷമായി ലോറിയിൽ കുടിവെള്ളമെത്തിച്ച് ദൈനംദിന പ്രവൃത്തികൾ ചെയ്ത് വന്നിരുന്ന മരിയ സദനത്തിന് ഒടുവിൽ സ്വന്തമായി കുടിവെള്ളമെത്തുന്നു. പാലാ റോട്ടറി ക്ലബ് എന്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ളാലം തോടിനോടു ചേർന്നുള്ള സ്ഥലത്താണ് പുതിയ തായി കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കുന്നത്. ഡോ.ബിപിൻ തെരുവിലിന്റെ പിതാവ് പ്രൊഫ.ടി.ജെ.ജോസഫിന്റെ ഓർമ്മയ്ക്കായി സൗജന്യമായി നല്കിയ സ്ഥലത്താണ് കിണർ നിർമ്മിച്ചിരിക്കുന്നത്. 33 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം റോട്ടറി ക്ലബ് മരിയ സദനത്തിൽ നിർമ്മിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ നിർവഹിക്കും. വെഞ്ചരിപ്പ് കിഴതടിയൂർ പള്ളി വികാരി ഫാ.തോമസ് പനയ്ക്കക്കുഴി നിർവഹിക്കും. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണറുമാരായ ഡോ.തോമസ് വാവാനിക്കന്നേൽ, ജോസഫ് മാത്യു, അസി. ഗവർണർ ഡോ.മാത്യു തോമസ്, ക്ലബ് പ്രസിഡന്റ് റെജി ജേക്കബ്, സെക്രട്ടറി ജോഷി വെട്ടുകാട്ടിൽ തുടങ്ങിയവർ സംസാരിക്കും.