കോട്ടയം : കെട്ടിട നിർമ്മാണത്തിന്റെ മറവിൽ വീണ്ടും കുന്നിടിച്ചിൽ വ്യാപകമാകുന്നു. നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ, വടവാതൂർ, വാകത്താനം, കളത്തിപ്പടി തുടങ്ങിയ മേഖലകളിലാണ് മണ്ണെടുപ്പ് വ്യാപകം. കടുത്ത വേനൽ ആരംഭിക്കുന്നതിന് മുൻപ് പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. മലയിടിക്കലും ക്രഷറുകളും വർദ്ധിച്ചതോടെയാണ് പ്രദേശത്ത് ജലക്ഷാമം ഉണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കങ്ങഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുത്ത് നീക്കിയ ശേഷം പൊട്ടിച്ചെടുക്കുന്ന പാറകൾ വിൽക്കുകയാണ്. ജിയോളജി വകുപ്പിലും കറുകച്ചാൽ പൊലീസിലും പരാതിയും നൽകിയെങ്കിലും ഫലമുണ്ടായില്ല. വാഴൂർ പഞ്ചായത്തിൽ പള്ളിക്കത്തോട് റോഡിൽ ഒന്നരമാസം മുൻപാണ് മണ്ണെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ മാസം കൂത്രപ്പള്ളിയിലെ മണ്ണെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ നിറുത്തിവച്ചിരുന്നു. മണ്ണെടുത്ത് പോകുന്ന ലോറികളിലെ മണ്ണും പൊടിയും റോഡിൽ മീറ്ററുകളോളം നിറഞ്ഞ നിലയിലാണ്.

ചൂഷണം ഇങ്ങനെ

സ്ഥലം വാങ്ങിയ ശേഷം കെട്ടിടം നിർമ്മിക്കാനായി അനുമതി തേടും. തുടർന്ന് 20 സെന്റ് സ്ഥലത്തു നിന്ന് മണ്ണെടുക്കുന്നതിനായി ജിയോളജി വകുപ്പിന്റെ അനുവാദവും നേടും. ഈ അനുമതിയുടെ പുറത്താണ് വ്യാപക ചൂഷണം നടത്തുന്നത്. 20 സെന്റിന്റെ മറവിൽ ഏക്കറുകളോളം ഇടിച്ചു നിരത്തുന്നവരുണ്ട്. ഇതിന് പിന്നിൽ പ്രദേശത്തെ ചില രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നാണ് ആരോപണം.