വൈക്കം: മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ എരിതേങ്ങയ്ക്കായി നാളികേര സമർപ്പണം ആരംഭിച്ചു. ക്ഷേത്ര കൊടിമരച്ചുവട്ടിലാണ് ഭക്തർ വഴിപാട് സമർപ്പിച്ചു വരുന്നത്. വിഷു ദിനമായ ഏപ്രിൽ15ന് എരിതേങ്ങയ്ക്ക് ക്ഷേത്ര മേൽശാന്തി ആനത്താനാത്തില്ലത്ത് എ.വി.ഗോവിന്ദൻ നമ്പൂതിരി അഗ്‌നി പകരും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പന്തിരായിരത്തിലധികം നാളികേരം അഗ്‌നിയിൽ എരിയും. മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമാണ് എരി തേങ്ങയെന്ന് വിശ്വാസം. കൊടും കാളിക്കായി തെക്കു പുറത്തുഗുരുതി നടത്തി ചെമ്പ് കമഴ്ത്തി അഗ്‌നിയിൽ എരിയുന്ന എരിതേങ്ങക്ക് പ്രദക്ഷിണം വച്ച് തീർത്ഥം തളിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും. മാറാവ്യാധികൾക്ക് മറ്റും ദിവ്യഔഷധമാണ് എരി തേങ്ങയുടെ പ്രസാദം എന്നും വിശ്വാസമുണ്ട്. വലിയ തീയാട്ടിന് ശേഷം തീയാട്ടുണ്ണി ക്ഷേത്ര ശ്രീകോവിലിലേക്ക് അരിയേറ് നടത്തുന്നതോടെ ക്ഷേത്ര നട അടയ്ക്കും. ദേവി പാണ്ഡ്യ ദേശത്തേക്ക് പോകുന്നുവെന്നാണ് സങ്കല്പം. മുന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1ന് ദേവി തിരിച്ച് എത്തുന്നതോടെ പൂജാദി ചടങ്ങുകളും പതിവ് രീതിയിലുള്ള ദർശനവും പുനരാരംഭിക്കും. ക്ഷേത്രത്തിൽ 15 ന് ആരംഭിച്ച ഉത്സവം 24ന് ആറാട്ടോടെ സമാപിക്കും.