പാലാ: അൽഫോൻസാ കോളജിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഏജൻസിയായ റൂസായുടെ ധനസഹായത്തോടെ പുതുതായി നിർമ്മിച്ച ഇൻഡോർ വോളിബാൾ സ്റ്റേഡിയത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം 21ന് നടക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ, പ്രിൻസിപ്പൽ ഡോ.സി.റെജീനാമ്മ ജോസഫ്, ബർസാർ റവ. ഡോ.ജോസ് ജോസഫ്, കായിക പരിശീലകൻ ഡോ തങ്കച്ചൻ മാത്യു എന്നിവർ അറിയിച്ചു.

രാവിലെ 11ന് പുതിയ വോളിബാൾ കോർട്ടിൽ ചേരുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, റൂസ കോ ഓഡിനേറ്റർ വി.വിഗ്‌നേശ്വരി, പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട്, പ്രിൻസിപ്പൽ ഡോ സിസ്റ്റർ റെജീനാമ്മ ജോസഫ്, ബർസാർ റവ .ഡോ. ജോസ് ജോസഫ്, റവ. ഡോ. ഷാജി ജോൺ, ഡോ. സി മിനിമോൾ മാത്യു എന്നിവർ പ്രസംഗിക്കും. 2 കോടി രൂപയാണ് റൂസാ പദ്ധതി പ്രകാരം കോളേജിൽ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ഇതിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോളജിൽ ഓപ്പൺ വോളിബോൾ കോർട്ടും ഓഡിറ്റോറിയവും നിർമ്മിച്ചത്. 64 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. അൽഫോൻസാ കോളജ് അധ്യാപകരായ ഡോ. മായാ ജോർജ്, പ്രൊഫ. രേഖാ മാത്യു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചു പാലാ അൽഫോൻസാ കോളജും ആലുവ സെന്റ് സേവ്യേഴ്‌സ് കോളജും തമ്മിലുള്ള പ്രദർശന വോളിബാൾ മത്സരവും നടത്തും.