ഇളങ്ങുളം:ഹൈവേയ്ക്ക് അരികിൽ മണ്ണ് നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. മറ്റൊരു റോഡിന്റെ നവീകരണത്തിന് എടുത്തുമാറ്റുന്ന മണ്ണാണ് പാലാ-പൊൻകുന്നം ഹൈവേയുടെ അരികിൽ നിക്ഷേപിക്കുന്നത് .ഇത് വഴിയാത്രയ്ക്ക് തടസ്സമാകുന്നു. ഹൈവേയിൽ നിർമ്മാണപ്രവർത്തനങ്ങളില്ലാതിരിക്കെയാണ് വൻതോതിൽ മണ്ണ് ഹൈവേയുടെ അരികിൽ തള്ളുന്നത്.

കൂരാലി-ഒറവയ്ക്കൽ റോഡിലെ നവീകരണത്തിന് എടുത്തുമാറ്റുന്ന മണ്ണാണ് കരാറുകാർ ഹൈവേയുടെ അരികിൽ കൂട്ടുന്നത്. പലയിടത്തും വഴിയോരത്ത് കൂട്ടിയ മണ്ണ് റോഡിലേക്ക് നിരന്നുതുടങ്ങി. മഴ പെയ്തതോടെ മണ്ണ് ഒലിച്ച് ടാറിംഗിലേക്കും ഓടകളിലേക്കും എത്തുകയും ചെയ്തു. അരികുചേർന്നുപോകുന്ന ചെറിയവാഹനങ്ങൾ മഴയിൽ തെന്നിമാറാനുള്ള സാധ്യതയും കൂടി. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനിടമില്ലാതാവുകയും ചെയ്തു.

ഏതാനും വർഷം മുൻപ് ആധുനികരീതിയിൽ നിർമ്മിച്ച ഒറവയ്ക്കൽ റോഡിൽ കൈയേറ്റങ്ങൾ കുറയ്ക്കുന്നതിനെന്ന പേരിലാണ് മണ്ണെടുത്തുമാറ്റുന്നത്. മുന്നറിയിപ്പില്ലാതെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതെയുമാണ് ഒറവയ്ക്കൽ റോഡിലെ അറ്റകുറ്റപ്പണി.