കോട്ടയം : കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മാറി ഇളവുകൾ പ്രഖ്യാപിച്ചിട്ടും നാഗമ്പടം മുനിസിപ്പൽ പാർക്ക് ഇപ്പോഴും ക്വാറന്റൈനിൽ തന്നെ. ആഘോഷപരിപാടികളും ഉത്സവപരിപാടികളും മറ്റ് വിനോദ സഞ്ചാര മേഖലകളും തുറന്നെങ്കിലും പാർക്കിനോട് അധികൃതരുടെ അവഗണന തുടരുകയാണ്. നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാർക്ക് കാടുമൂടി നാശത്തിന്റെ വക്കിലാണ്. പുതുവർഷത്തിൽ തുറന്ന് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാഴ്‌വാക്കായി. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കളിക്കോപ്പുകൾ അടക്കം നശിച്ചു. പ്രധാനഗേറ്റ് ഉൾപ്പെടെ തുരുമ്പ് കവർന്നു.
അവധി ദിനങ്ങളും ,സായഹ്നങ്ങൾ ചെലവഴിക്കുന്നതിനായും നഗരത്തിൽ എത്തുന്നവർക്ക് വലിയൊരാശ്വാസമായിരുന്നു പാർക്ക്. ഡോ.പി.ആർ സോന നഗരസഭ അദ്ധ്യക്ഷയായിരുന്നപ്പോൾ കോടികൾ മുടക്കി പാർക്ക് നവീകരിച്ചിരുന്നു. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും, 45 ലക്ഷം രൂപയും നഗരസഭാ വിഹിതവും അടക്കം 2.07 കോടി രൂപ മുടക്കിയുമായിരുന്നു നവീകരണം. ആധുനികരീതിയിലുള്ള സ്ലൈഡുകൾ, ഏണിപ്പടികൾ, ഊഞ്ഞാലുകൾ എന്നിവയെല്ലാം സ്ഥാപിച്ചെങ്കിലും നശിച്ചു. പാർക്കിലെ മരങ്ങൾക്ക് ചുറ്റും തിട്ടകെട്ടിയും പുല്ലുകൾ പിടിപ്പിച്ച് പുൽത്തകിടി നിർമ്മിച്ചെങ്കിലും എല്ലാം പാഴായി.
തുറന്നാലും എല്ലാം പുതിയത് വേണം
അടച്ചുപൂട്ടിയ പാർക്കിൽ പുല്ലുവളർന്ന് കാടുപിടിച്ച നിലയിലാണ്. കളിക്കോപ്പുകൾ വെയിലും മഴയുമേറ്റ് നാശോന്മുഖമായി. സിമന്റ് ബെഞ്ചുകൾ അടക്കം കാടുമൂടി. കോടികൾ മുടക്കി നവീകരിച്ച പാർക്ക് വീണ്ടും തുക കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തിയാൽ മാത്രമേ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിക്കൂ.