കോട്ടയം : കടുവാക്കുളം - കൊല്ലാട് റോഡിൽ കുഴികൾ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് മെറ്റലും കല്ലുകളും നിറഞ്ഞ നിലയിലാണ്. കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കോട്ടയം മണിപ്പുഴ പാലം പുതുപ്പള്ളി കൊല്ലാട് റോഡ് പൂവൻതുരുത്ത് പാക്കിൽ റോഡ് എന്നിവ സംഗമിക്കുന്ന പ്രധാന ജംഗ്ഷനാണ് കടുവാക്കുളം. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ചിങ്ങവനം, കൊല്ലാട്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. നിരവധി ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയകൂടിയായതിനാൽ നിരവധി വലിയ വാഹനങ്ങളും കടന്നു പോകുന്നു.

രാത്രിയിൽ ഇരുട്ട്

റോഡിൽ വഴിവിളക്കുകൾ തെളിയാത്തതും രാത്രികാലങ്ങളിൽ അപകടത്തിന് ആക്കം കൂട്ടുന്നു. കടുവാക്കുളം, കൊല്ലാട്, കഞ്ഞിക്കുഴി റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. യഥാസമയം റോഡ് അറ്റകുറ്റപ്പണികൾ നടത്താതാണ് ശോച്യാവസ്ഥയ്ക്ക് കാരണം. മണിപ്പുഴ മേൽപ്പാലത്തിന്റെ സ്ഥിതിയും സമാനമാണ്. പൊടിശല്യവും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.