
കോട്ടയം: ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യതക്കുറവ് കർഷകർക്ക് പ്രതിസന്ധിയാകുന്നു. വേനൽമഴ പരക്കെ ലഭിച്ചതോടെ, ജില്ലയുടെ പല ഭാഗങ്ങളിൽ പച്ചക്കറി കൃഷിക്കായി നിരവധി കർഷകരാണ് തയ്യാറെടുക്കുന്നത്. എന്നാൽ, ഗുണനിലവാരമുള്ള വിത്തുകൾ കിട്ടാനില്ലാത്തതും അധികവിലയും കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. പയർ, പാവൽ, വെള്ളരി, തക്കാളി, പടവലങ്ങ, പച്ചമുളക് തുടങ്ങിയവയുടെ വിത്തുകൾക്കാണ് വലിയ തോതിൽ വിലവർദ്ധന ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ് വിത്തുകളാണ് നിലവിൽ കൂടുതലായും കൃഷി ചെയ്യുന്നത്.
വെള്ളരിയുടെ 25 ഗ്രാം ഹൈബ്രിഡ് വിത്തിന് 500 രൂപയ്ക്ക് മുകളിലും പച്ചമുളകിന്റെ 10 ഗ്രാം ഹൈബ്രിഡ് വിത്തിന് 600 രൂപയ്ക്ക് മുകളിലുമാണ് വില. തക്കാളിയുടെ പത്ത് ഗ്രാം വിത്തിന് 500 രൂപകൊടുക്കണം. മറ്റുള്ളവയുടെയും വില നില വാരം ഏതാണ് ഇതൊക്കെ തന്നെയാണ്. ഗുണനിലവാരമുള്ള വിത്തുകൾ എന്ന രീതിയിൽ തെരുവോരത്തും മറ്റും കച്ചവടം നടക്കുന്നുണ്ട്. ഇത്തരം വിത്തുകളുടെ വിൽപ്പന തകൃതിയായിട്ടും ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കാത്ത സ്ഥിതിയാണ്. വിത്തുകൾ വിൽപ്പനട നടത്താൻ ലൈസൻസ് വേണമെന്നിരിക്കെ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
നാടൻ വിത്തുകൾ എന്ന പേരിലും ഗുണനിലവാരമില്ലാത്ത വിത്തുകൾ വിൽക്കുന്നു. വിത്തിനെക്കുറിച്ച് കൃത്യമായി ധാരണയില്ലാതെ, പുതുതായി കൃഷിയിലേക്ക് ഇറങ്ങുന്ന നിരവധി പേരാണ് ഇതുമൂലം വഞ്ചിക്കപ്പെടുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് മാത്രമാണ് കൃഷി വകുപ്പ് വിത്ത് വിതരണം നടത്തുന്നത്.
ഹൈബ്രിഡ് വിത്ത് വില
 വെള്ളരി 25 ഗ്രാം 500 രൂപ
 പച്ചമുളക് 10 ഗ്രാം 600
 തക്കാളി 10 ഗ്രാം 500
'കൃഷി വകുപ്പ് വഴി ഗുണനിലവാരമുള്ള വിത്തുകൾ കർഷകർക്ക് സൗജന്യമായി ലഭ്യമാക്കാനും വിപണിയിലെ ഗുണനിലവാരമില്ലാത്ത വിത്തുകളുടെ വിൽപ്പന തടയാനും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.'
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ചെയർമാൻ