ചക്കാമ്പുഴ : ''എന്റെ പൊന്നേ... ഒരുരക്ഷയുമില്ല, ഈ തകർന്നുകിടക്കുന്ന റോഡിൽക്കൂടി വേണം ഞങ്ങൾക്ക് സാധനംമേടിക്കാൻ പോകാൻ, പിന്നെ പള്ളിക്കൂടത്തീൽ പോകാനും. ഒരു ഓട്ടോറിക്ഷാപോലും ഇതുവഴി വരികേല, ആരോടുപറയണം എന്ന് ഞങ്ങൾക്കറയത്തില്ല. ഏതായാലും ഞങ്ങള് ഒരു വീഡിയോ എടുത്ത് ഫേസുബുക്കിലും വാട്‌സ് ആപ്പിലും കൊടുക്കുവാ, ആരെങ്കിലും ഇതുകണ്ടിട്ട് റോഡൊന്നു നന്നാക്കിയിരുന്നെങ്കിൽ.

ചക്കാമ്പുഴ അറയാനിക്കവലയിലെ സ്‌കൂൾ വിദ്യാർത്ഥികളായ അനിരുദ്ധ് വിജയനും ഗോകുൽ സുനിലും ഫെബിൻ സജിയും ഐവിനും ആഷ്ബിനും ചേർന്നെടുത്ത വീഡിയോ ഇപ്പോൾ നാടാകെ വൈറലാണ്. അറയാനിക്കൽ കവല - വളക്കാട്ടുകുന്ന് റോഡ് തകർന്നതിന്റെ നേർചിത്രവും യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുമെല്ലാം ഈ കുട്ടികളെടുത്ത വീഡിയോയിൽ വ്യക്തമാണ്. ചക്കാമ്പുഴ കൊണ്ടാട് റോഡിനെയും രാമപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് കഴിഞ്ഞ അഞ്ചു വർഷമായി മെറ്റലുകൾ ഇളകി ടാറിംഗ് നാമാവശേഷമായി തകർന്നു കിടക്കുകയാണ്.

ഒരു വശം മണ്ണു തെളിഞ്ഞിരിക്കുന്നു. ഇതുവഴി വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപടലങ്ങളും ഉയരുകയാണ്. സഹികെട്ട നാട്ടുകാർ പലപ്പോഴും റോഡിലെ കുഴികളിൽ മണ്ണ് വാരിയിട്ടാണ് നികത്തിയിരുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴി ഓട്ടോറിക്ഷായോ മറ്റ് ടാക്‌സി വാഹനങ്ങളോ വരില്ല. അഥവാ വന്നാൽതന്നെ അമിത ചാർജ്ജ് ഈടാക്കും. അറിയാനിക്കൽകവലയിലെ അങ്കണവാടി സ്ഥിതി ചെയ്യുന്നതും റോഡിനോട് ചേർന്നാണ്. മന്ത്രി റോഷി അഗസ്റ്റിന്റെയും, മുൻ എം.എൽ.എ ജോസഫ് വാഴക്കന്റെയും ജന്മസ്ഥലത്തുകൂടി അതിരിടുന്ന ഈ വഴിയോട് അധികാരികൾക്ക് ഒരു കരുണയുമില്ല.

20 ലക്ഷം സ്വാഹ...

ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് മെമ്പർ സൗമ്യ സേവ്യറിന്റെ നേതൃത്വത്തിൽ മാണി സി. കാപ്പൻ എം.എൽ.എയെ കാണുകയും ഇതിനെ തുടർന്ന് 20 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നഷ്ടപ്പെട്ടു.

പുതിയ സാമ്പത്തിക വർഷത്തിൽ വീണ്ടും 20 ലക്ഷം രൂപ അനുവദിക്കാമെന്ന് എം.എൽ.എ. വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്തംഗം പറയുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് ഒന്നുമാകില്ലെന്നും ഇവർ പറഞ്ഞു.