കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ജനങ്ങൾ ഒഴുകിയെത്തിയതോടെ തിരുനക്കര പൂരപ്പറമ്പായി മാറി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ്, തൃശൂർ കലാസദൻ ഗാനമേളകൾക്ക് മൈതാനം നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് എത്തിയത്. പാട്ടിനൊപ്പിച്ച് തുള്ളിച്ചാടാൻ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ്‌വാക്കായി. വിനോദ വ്യാപാര മേള നടക്കുന്ന പൊലീസ് സ്റ്റേഷൻ മൈതാനിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഞായറാഴ്ചയായതിനാൽ കുട്ടികളെയും കൂട്ടി കുടുംബസമേതമാണ് പലരും എത്തിയത്. ക്ഷേത്രവും, സമീപ സ്ഥലങ്ങളും ദീപാലങ്കാരങ്ങളിൽ മുങ്ങിയിരിക്കുകയാണ്. തൊട്ടിലാട്ടം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരത്തിലുള്ള റൈഡുകളും അണിനിരന്നിട്ടുണ്ട്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മരണക്കിണറിലെ മോട്ടോർ ബൈക്കുകളുടെയും ഫോർ വീലറുകളുടെയും പ്രകടനം കാണികളെ ആകർഷിക്കുന്നു.
ഇന്ന് ഏഴാം ഉത്സവം
രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 2 ന് ഉത്സവബലി ദർശനം. ശിവ ശക്തി കലാവേദിയിൽ. വൈകിട്ട് 6.30 ന് കാഴ്ച ശ്രീബലി, വേല, സേവ. 8.30 ന് റിഗാറ്റ നാട്യസംഗീത കേന്ദ്രം തിരുവനന്തപുരം, 9.30 ന് കോട്ടയം ജമനീഷ്‌സംഗീത സദസ്.