വൈക്കം : അക്കരപ്പാടം ഓംകാരേശ്വരം ഉദയംപൂജ സമാജത്തിന്റെ നേതൃത്വത്തിൽ അക്കരപ്പാടം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നടത്തിയ ഉദയംപൂജ ഭക്തിസാന്ദ്രമായി. സൂര്യഭഗവാനെ ധ്യാനിച്ച് ഇരുന്നൂറോളം കുടുംബങ്ങൾ താലങ്ങൾ ഉയർത്തി ഉദയംപൂജ സമർപ്പിച്ചു. താലത്തിൽ നീരാജ്ജന ദീപവും പൂജ അപ്പവും പുഷ്പങ്ങളും പഴങ്ങളും വച്ചാണ് ഭക്തർ താലങ്ങൾ ഉയർത്തി ഭഗവാനെ ആരാധിച്ചത്. നാമസങ്കീർത്തനങ്ങളും ഉടുക്കുപാട്ടും, വായ്ക്കുരവയും ചടങ്ങിന് ഭക്തി പകർന്നു. ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന പ്രധാന ആചാരമാണ് ഉദയം പൂജ. രണ്ട് ദിവസത്തെ വ്രതമെടുത്തെത്തിയ ഭക്തർ ഉച്ചപൂജയ്ക്കാണ് താലം ഉയർത്തിയത്. അക്കരപ്പാടം 130ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ജി.ജയൻ, സെക്രട്ടറി എം.ആർ രതീഷ്, ഷാജി വട്ടപ്പടവിൽ, കെ.ടി. ചന്ദ്രൻ, ശിവജി രണ്ടുപറ, വിപിൻ, എം.സി സുനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ക്ഷേത്രം മേൽശാന്തി അജിത് മഹാദേവൻ മുഖ്യകാർമ്മികനായി.