കോട്ടയം: നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി മണ്ണെടുപ്പ് വ്യാപകമാകുന്നു. കോട്ടയം ഒളശ്ശ പള്ളിക്കവല അന്ധവിദ്യാലയത്തിന് സമീപം കുന്നിൻ പ്രദേശമായിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മണ്ണെടുക്കുന്നതെന്നാണ് ഉടമസ്ഥരുടെ വാദം. എന്നാൽ ഒരു മാസമായി പ്രദേശത്ത് മണ്ണെടുപ്പ് തുടരുന്നതായി പ്രദേശവാസികൾ പറയുന്നു. വലിയ കുന്നിൻ പ്രദേശമായിരുന്ന ഇവിടെ മണ്ണെടുത്ത് സ്ഥലം പ്ലോട്ടുകളായി റോഡ് സൗകര്യത്തോടെ വിൽക്കുകയാണ് ചെയ്യുന്നത്. ദിനംപ്രതി 15 ടോറസ് ലോറികളാണ് മണ്ണെടുക്കാൻ എത്തുന്നത്. ആധുനിക മെഷീനുകൾ ഉപയോഗിച്ചാണ് കുന്ന് ഇടിച്ചുനിരത്തുന്നത്. മണ്ണെടുപ്പ് പതിവായതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും നേരിട്ടു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. ഇതേതുടർന്ന് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണെടുപ്പ് ലോബിയ്ക്ക് പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
നിയമം നോക്കുകുത്തി
കുന്നിടിക്കലിന് പിന്നിൽ പ്രദേശത്തെ ചില രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരു പ്രദേശത്തു നിന്നും മണ്ണെടുത്ത് നീക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. എടുത്തിട്ട മണ്ണ് അളന്ന് തിട്ടപ്പെടുത്തിയാൽ മാത്രമെ ജിയോളജി വകുപ്പ് അനുമതി നൽകാവൂ എന്നാണ് നിയമം. എന്നാൽ, ആദ്യം സ്ഥലം സന്ദർശിക്കുമ്പോൾ ഏകദേശ തുക കണക്കാക്കി അധികൃതർ റോയൽറ്റി നിശ്ചയിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.