മുണ്ടക്കയം: 1947നു മുൻപ് ജനവാസമുള്ള മൂഴിക്കൽ പ്രദേശത്തെ ജനങ്ങളെ വനാവകാശരേഖ നൽകി കബളിപ്പിക്കുന്നതിനെതിരെയും,സർക്കാർ ഉത്തരവ് ഉണ്ടായിട്ടും പട്ടയ നടപടികൾ ആരംഭിക്കാത്തതിനെതിരെയും അഖില തിരുവിതാംകൂർ മലയരയ മഹാസഭ മൂഴിക്കൽ ശാഖയുടെ നേതൃത്വത്തിൽ മ്ലാപ്പാറ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ധർണ അഖില തിരുവിതാംകൂർ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി. പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജനറൽ സെക്രട്ടറി പി.പി ബാബു, യുവജന അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിഖിൽ ദാസ്, ഊരുമൂപ്പൻ പി.പി രാജശേഖരൻ പുന്നമറ്റത്ത്, എ. ആർ അജിത്കുമാർ, പ്രേംജി, ബാലകൃഷ്ണൻ വഴിപുരക്കൽ , പീതാംബരൻ, തങ്കപ്പൻ വാരിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ സമരത്തോടനുബന്ധിച്ച് വനാവകാശ രേഖകൾ കൂട്ടിയിട്ട് കത്തിച്ചു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.