കോട്ടയം: പൂവൻതുരുത്ത് - കൊല്ലാട് റോഡിലെ മിനി എം.സി.എഫുകൾ മാലിന്യങ്ങളാൽ നിറഞ്ഞതോടെ മൂക്കുപൊത്തി ജനം. മാലിന്യങ്ങൾ തിങ്ങി നിറഞ്ഞതോടെ എം.സി.എഫ് പ്രവർത്തനരഹിതമായ നിലയിലാണ്. ഇതോടെ ഇതിനു സമീപത്തായി മാലിന്യം ചാക്കുകളിലാക്കി തള്ളുകയാണ്. റോഡരികിനോട് ചേർന്നുള്ള ഓടയ്ക്കുമുകളിലാണ് എം.സി.എഫ് സ്ഥിതി ചെയ്യുന്നത്. നടപ്പാതയിലാണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. കടുവാക്കുളം കൊല്ലാട് റോഡ് എം.സി.എഫ്, കളത്തിക്കടവ് റോഡ് എം.സി.എഫ് എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. നാളുകളായി എം.സി.എഫിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവരും ഇവിടെ മാലിന്യം നിക്ഷേപിച്ച് കടന്നുകളയുകയാണ്.

വഴി നീളെ മാലിന്യം

ഭക്ഷ്യഅവശിഷ്ടങ്ങളും കൂടിക്കിടക്കുന്നതിനാൽ തെരുവ് നായകളുടെ ശല്യവും ഏറെയാണ്. പക്ഷികളും മറ്റും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചിഴച്ച നിലയിലാണ്. മാലിന്യങ്ങൾ അഴുകി രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. ഹരിതകർമ്മ സേനയാണ് എം.സി.എഫിലെ മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത്. റോഡിൽ വഴിവിളക്കുകളും നിരീക്ഷണ കാമറകളും ഇല്ലാത്തതും മാലിന്യം നിക്ഷേപിക്കുന്നവർക്ക് സഹായകമാകുകയാണ്.