പാലാ: ''തക തെയ് തത്തത്തെയ് തക തത്തത്ത....'' ഇന്നലെ മരിയസദനിലെ അന്തേവാസികൾ മുറ്റത്ത് ''പുതുവെള്ളത്തിൽ'' കുളിച്ച് ആനന്ദനൃത്തം ചവിട്ടി. ഒപ്പം മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫും കുടുംബാംഗങ്ങളും.

കഴിഞ്ഞ കാൽനൂറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ മരിയസദനിന്റെ മുറ്റത്തെ കൂറ്റൻ ടാങ്കിൽ അവരുടെ 'സ്വന്തം വെള്ളം ' നിറഞ്ഞപ്പോൾ അന്തേവാസികൾക്കും സന്തോഷിനും കുടുംബത്തിനും ആഹ്ലാദം അടക്കാനായില്ല. പുതുവെള്ളത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് സന്തോഷനൃത്തം ചവിട്ടി.

ഇന്നലെയാണ് മരിയസദനിൽ സ്വന്തമായി കുടിവെള്ളമെത്തിയത്. ഇതിന് മുന്നോട്ട് വന്നതാകട്ടെ പാലാ റോട്ടറി ക്ലബ്ബും തെരുവിൽ കുടുംബാംഗങ്ങളും.
മരിയസദനിലെ ജലക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നന്മമനസുകൾ കൈകോർത്തത്.

പാലാ ളാലം തോടിന് സമീപം തെരുവിൽ കുടുംബാംഗങ്ങൾ ഗൃഹനാഥനായിരുന്ന റ്റി.ജെ. ജോസഫിന്റെ ഓർമ്മക്കായി കിണർ കുഴിക്കാൻ നാല് സെന്റ് സ്ഥലം സൗജന്യമായി മരിയസദന് വിട്ടുനൽകി. ഇവിടെ നിന്ന് മോട്ടോർ സ്ഥാപിച്ച് മരിയസദനിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ പ്രയത്‌നത്തിന് പാലാ റോട്ടറി ക്ലബ് മുന്നോട്ടുവന്നു. അങ്ങനെ ഇന്നലെ മരിയസദനിന്റെ മുറ്റത്ത് ആഹ്ലാദമഴ ആർത്തുപെയ്തത്.

കഴിഞ്ഞ 24 വർഷമായി എല്ലാ വേനൽക്കാലത്തും മരിയസദനിലേക്ക് ലോറിയിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു പതിവ്. ഇവിടെയുള്ള 400ഓളം അന്തേവാസികൾക്കായി ഒരു ദിവസം കുറഞ്ഞത് 4000 രൂപയുടെയെങ്കിലും വെള്ളം വേണ്ടിവന്നിരുന്നതായി മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. ഒരു വർഷം 8 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ തുക വെള്ളത്തിന് മാത്രമായി വേണ്ടിവന്നിരുന്നു.