
പാലാ: വ്യാജരേഖ ചമച്ച് പണം തട്ടിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കേരള വണിക വൈശ്യസംഘം ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ഇവർ രൂപീകരിച്ച ട്രസ്റ്റിലേക്ക് വണിക വൈശ്യസംഘത്തിന്റെ സ്വത്തുക്കൾ വക മാറ്റുന്നതായി വ്യാജരേഖ ചമക്കുകയായിരുന്നു. പ്രതികൾക്കെതിരെയുള്ള മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവിന് പുറമെയാണ് ക്രിമിനൽ കേസ്. വണിക വൈശ്യസംഘം ഭാരവാഹിയായ മരങ്ങാട്ടുപിള്ളി എം.ജെ. രാജുവാണ് പരാതി നൽകിയത്. ഇന്നലെ നടന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ആരോപണവിധേയനായ റോസ് ചന്ദ്രനെ പുറത്താക്കുകയും പുതിയ പ്രസിഡന്റായി ചന്ദ്രമോഹനനെ തിരഞ്ഞെടുക്കുകയും ചെയ്തു.