പാലാ: മനുഷ്യൻ പരസ്പരമുള്ള സ്‌നേഹ സഹകരണങ്ങളിലൂടെ പുരോഗതി കൈവരിക്കണമെന്ന് ഉദ്‌ഘോഷിച്ച ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ പറഞ്ഞു. സ്വാശ്രയ സംഘങ്ങളിലൂടെ ഓരോ ശ്രീനാരായണ കുടുംബത്തിനും കരുത്താർജ്ജിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീനച്ചിൽ യൂണിയനിലെ പാലാ ടൗൺ ശാഖയിൽ ഗുരുകൃപ കുടുംബ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീലളിതാംബിക പുരുഷ സ്വാശയ സംഘത്തിന്റെ 13മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. ശാഖാ സെക്രട്ടറി ബിന്ദു സജികുമാർ ലാഭവിഹിതം വിതരണം ചെയ്തു. പി.ആർ നാരായണൻ കുട്ടി, ജയ വിജയൻ, കെ.സുകുമാരൻ, ഷെൻ ഷാജി, സതീഷ് വേലായുധൻ, കെ.ആർ.സൂരജ് പാലാ, വി.ബേബി എന്നിവർ പ്രസംഗിച്ചു.