കോട്ടയം: നട്ടാശേരി കുഴിവേലിപ്പടിയിൽ കല്ലുമായെത്തിയ വാഹനത്തിൽ കയറിയിരുന്ന് കഞ്ഞിവച്ചും കെ.റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10ന് മെഡിക്കൽ സംഘത്തിനും അഗ്നിശമനസേനയ്ക്കുമൊപ്പം വൻ പൊലീസ് അകമ്പടിയിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇതോടെ കെ.റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് സമരം ആരംഭിച്ചു. വാഹനം സമരക്കാർ തടയുകയും കല്ലിനു മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. വെയിൽ കനത്തതോടെ, വാഹനത്തിന് മുകളിൽ പടുത കെട്ടിയും സമരം തുടർന്നു. ഉച്ചയോടെ പ്രവർത്തകർ വാഹനത്തിൽ അടുപ്പുകൂട്ടി കഞ്ഞിവച്ചു. കഞ്ഞിയും അച്ചാറും സമരക്കാർക്ക് വിതരണം ചെയ്തു.
വൈകിട്ട് 6 ന് സർവേ സംഘവും പൊലീസും പിന്തിരിഞ്ഞതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇവിടെ 80 ഒാളം കുടുംബങ്ങളെ കെ.റെയിൽ ബാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വിജിൻ ലാൽ, കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളായ പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.