തലയോലപ്പറമ്പ്: ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലം നിർമ്മാണത്തിന് തുടക്കമായി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരുത്തു നിവാസികളുടെ പാലത്തിനായുള്ള പതിറ്റാണ്ടുകളുടെ ആവശ്യമാണ് ഇപ്പോൾ സഫലമാകുന്നത്. മൂവാറ്റുപുഴയാറിന്റെ കൈവഴിക്ക് കുറുകെ 80 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിനായി സംസ്ഥാന സർക്കാർ എട്ട് കോടി രൂപയാണ് അനുവദിച്ചരിക്കുന്നത്. പാലത്തിന്റെ പൈലിംഗ് ജോലികക്കും തുടക്കമായി. പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ പാലം നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കാട്ടിക്കുന്ന്തുരുത്ത് നിവാസികൾ. കാട്ടിക്കുന്ന് തുരുത്തിൽ 300 ഓളം കുടുംബങ്ങളാണുള്ളത്. താമസക്കാരിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗക്കാരാണ്. തുരുത്ത് നിവാസികൾ കടത്തുവള്ളത്തെ ആശ്രയിച്ചാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. തുരുത്തിൽ അസുഖ ബാധിതരാകുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
പ്രതിഷേധം ഫലംകണ്ടു
പാലംം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ തീപന്തം കൊണ്ട് പ്രതീകാത്മകമായി പാലം നിർമ്മിച്ച് പ്രതിക്ഷേധിച്ചിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ പതിറ്റാണ്ടുകളായി തുരുത്ത് നിവാസികൾ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിനും വികസന പിന്നാക്കാവസ്ഥയ്ക്കും പരിഹാരമാകും.