തലയോലപ്പറമ്പ് : സർക്കാർ ആംബുലൻസ് സേവനമേഖലയിലെ കനിവ് 108 ആംബുലൻസിന്റെ ആദ്യ വനിത ഡ്രൈവറായി നിയമിതയായ ദീപ മോഹൻ (40) തലയോലപ്പറമ്പ് സി.എച്ച്.സി.യിൽ ചുമതലയേ​റ്റു. കഴിഞ്ഞദിവസം രാവിലെ എട്ടിനാണ് ദീപ തലയോലപ്പറമ്പ് സി എച്ച്എസിയിലെത്തി ചുമതലയേ​റ്റത്. വൈകുന്നേരം വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ആംബുലൻസ് സേവനം ആവശ്യപ്പെട്ട് വിളിവന്നില്ല. ലോക വനിതാ ദിനത്തിൽ മന്ത്റി വീണാ ജോർജിൽ നിന്നാണ് ദീപ ആംബുലൻസിന്റെ താക്കോൽ ഏ​റ്റുവാങ്ങിയത്. കുറുപ്പന്തറ മേമ്മുറി പാലപ്പറമ്പിൽ ദീപ മോഹൻ ഡ്രൈവിംഗ് സ്‌കൂൾ അദ്ധ്യാപികയായും ടിപ്പർ ലോറി ഡ്രൈവറായുമൊക്കെ ജോലി ചെയ്ത ശേഷമാണിപ്പോൾ 108 ആംബുലൻസ് ഡ്രൈവറായി എത്തിയത്. ഭർത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കുടുംബം പുലർത്താൻ ദീപ വളയംപിടിച്ചു തുടങ്ങിയത്. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ദീപ ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.