
കോട്ടയം. കെ.എസ്. ആർ.ടി.സി ബസിൽ യുവതിയെ ശല്യം ചെയ്ത പൊലീസുകാരൻ പിടിയിൽ. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട സ്‌റ്റേഷനിലെ എ.എസ്.ഐ യാണ് യാത്രക്കാരിയെ ശല്യം ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നിന്ന് കോട്ടയത്തേയ്ക്ക് വന്ന ബസിൽ ഇയാളുടെ ശല്യം അസഹനീയമായതോടെ യുവതി കണ്ടക്ടറോട് പരാതി പറഞ്ഞു. കോട്ടയത്ത് ബസ് എത്തിയപ്പോൾ, വെസ്റ്റ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെയും ശല്യക്കാരനെയും സ്റ്റേഷനിലെത്തിച്ചു. അവിടെയെത്തിയപ്പോഴാണ് പ്രതി എ.എസ്.ഐ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ യുവതി രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. സംഭവത്തിൽ എ.എസ്.ഐക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് വെസ്റ്റ് സ്‌റ്റേഷൻ എസ്.ഐ ടി. ശ്രീജിത്ത് പറഞ്ഞു.