പൊൻകുന്നം : മലയോരമേഖലയിലേക്ക് കടന്നുവരുന്നവർ ശ്രദ്ധിക്കുക. പൊൻകുന്നം ടൗൺ കഴിഞ്ഞാൽ കാമറാ കണ്ണുകൾ നിങ്ങളെ ഒപ്പിയെടുക്കും. മര്യാദയോടെ വാഹനം ഓടിക്കുക ഇല്ലെങ്കിൽ പണികിട്ടും. ഓർക്കാപ്പുറത്തായിരിക്കും കുറിമാനം വീട്ടിലെത്തുക. അമിതവേഗം മാത്രമല്ല മൊബൈൽഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതടക്കം നിയമലംഘനങ്ങൾ കണ്ടുപിടിക്കും. ചേപ്പുംപാറയിലും 26-ാം മൈലിലുമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ കാരിത്താസ് മേഖലയിലെ നിയന്ത്രണ ഓഫീസിൽനിന്നാണ് പ്രവർത്തനം നിരീക്ഷിക്കുന്നത്. നേരത്തെ സർവേ നടത്തി തീരുമാനിച്ച സഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോർവാഹനവകുപ്പും കെൽട്രോണും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.