പാലാ: തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം നിറവേറ്റുന്ന സന്തോഷത്തിലാണ് മാണി സി.കാപ്പൻ എം.എൽ.എ ഇന്നലെ തീക്കോയിയിൽ റോഡുപണിയുടെ പുരോഗതി വിലയിരുത്താൻ എത്തിയത്. പൂർണമായും തകർന്ന നിലയിലായിരുന്നു തീക്കോയി അടുക്കം റോഡ്. നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയെങ്കിലും തിരഞ്ഞെടുപ്പിൽ അന്ന് കാപ്പന് വിജയിക്കാനായില്ല. പിന്നീട് വിജയിച്ചപ്പോൾ നടപടി സ്വീകരിക്കുകയായിരന്നു. നാലു കിലോമീറ്ററോളം ദൂരം വരുന്ന റോഡ് 4.5 കോടി രൂപ ചെലവഴിച്ചാണ് ബി.എം ബി.സി ടാറിംഗ് നടത്തുന്നത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ടി വി ജോർജ്, താഹ തലനാട്, മെമ്പർമാരായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ അങ്ങാടി, ഷെമീല ഹനീഫ, ബിന്ദു, ദിലീപ് എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.