പാലാ: മുമ്പുണ്ടായിരുന്നത് 86 ബസ്. ഇപ്പോൾ ഓടുന്നതാകട്ടെ 54 എണ്ണവും. ഈ കണക്കുകൾ പറയും യാത്രക്കാരുടെ ദുരിതവും പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിലവിലെ അവസ്ഥയും. ബസുകൾ പലതും കട്ടപ്പുറത്തായതോടെ പാലായിൽ പല റൂട്ടിലും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടക്കുകയാണ്. പ്രധാനമായും കെ.എസ്.ആർ.ടി.സി.യെ മാത്രം ആശ്രയിച്ചിരുന്ന ഏഴാച്ചേരി അന്ത്യാളം രാമപുരം റൂട്ടിൽ കൊവിഡിന് മുമ്പ് പുലർച്ചെ മുതൽ രാത്രി 9 വരെ ഏഴ് സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയിരുന്നത്. എന്നാൽ ഇപ്പോഴത് ഒരു സർവീസിലേക്ക് ചുരുങ്ങി.
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ഈ ഒറ്റവണ്ടിയിൽ എങ്ങനെ പോകണമെന്നാണ് യാത്രക്കാരുടെ ചോദ്യം. ഏതാനും സ്വകാര്യ ബസുകൾക്കൂടിയുണ്ടെങ്കിലും രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾക്ക് വേണ്ട സമയത്ത് ഇവരുടെ സർവീസും കുറവാണ്.
നേരത്തെ പാലായിൽ നിന്നും വൈകിട്ട് 4.10 ന് ഏഴാച്ചേരി വഴി രാമപുരത്തേക്ക് ബസ് ഉണ്ടായിരുന്നു. ഇതിനുപുറമേ 4.45നും 6.15നുമൊക്കെ കെ.എസ്.ആർ.ടി.സി. ബസുകൾ ഏഴാച്ചേരി വഴിയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കൂട്ടത്തോടെ നിലച്ചിരിക്കുകയാണ്.
നിലവിൽ വൈകിട്ട് 3.20ന് ഏഴാച്ചേരി വഴി ഒരു സ്വകാര്യ ബസ് പാലായിൽ നിന്നും രാമപുരത്തേക്ക് പോയാൽ പിന്നെയുള്ളത് 5.20നാണ്. ഈ ഒറ്റബസിലാകട്ടെ യാത്രക്കാരുടെ തിരക്കോട് തിരക്ക്.
ഞങ്ങൾ എന്തുചെയ്യും?
പാലാ: പാലാ ഡിപ്പോയിലെ നിരവധി ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും വേണ്ടത്ര ജീവനക്കാരില്ലാതെ വരികയും ചെയ്തതോടെയാണ് കെ.എസ്.ആർ.ടി.സി.യെ മാത്രം ആശ്രയിച്ചുള്ള ഏഴാച്ചേരി പോലുള്ള റൂട്ടുകളിൽ ബസുകൾ ഓടിക്കാൻ നിർവാഹമില്ലാതെ വന്നതെന്ന് പാലാ ഡിപ്പോ എ.റ്റി.ഒ. ഏ.റ്റി. ഷിബു പറഞ്ഞു. കൂടുതൽ ബസുകളും ജീവനക്കാരും ഉണ്ടെങ്കിൽ മാത്രമേ കെ.എസ്.ആർ.ടി.സി.യെ മാത്രം ആശ്രയിച്ച് കഴിയുന്ന റൂട്ടുകളിൽ പോലും ബസുകൾ ഓടിക്കാൻ ആകൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത അധികാരികൾക്ക് പല തവണ റിപ്പോർട്ട് അയച്ചിരുന്നതായും എ.റ്റി.ഒ. വിശദീകരിച്ചു.