complex

കോട്ടയം . രജിസ്ട്രേഷൻ സേവനങ്ങൾ ഒരുകുടക്കീഴിലാക്കിക്കൊണ്ട് പ്രവർത്തന സജ്ജമാവുകയാണ് ജില്ലാ രജിസ്ട്രേഷൻ കോംപ്ളക്സ്. കളക്ടറേറ്റിന് എതിർവശത്തായി നിർമ്മിച്ച ബഹുനില മന്ദിരത്തിന് കിഫ്ബിയിൽ നിന്നാണ് പണം ഫണ്ട് നൽകിയത്. 2020 ഫെബ്രുവരിയിലാണ് നിർമ്മാണം തുടങ്ങിയത്. നാലുനിലകളുള്ള കെട്ടിടത്തിന്റെ ഇന്റീരിയർ വർക്കുകൾ കൂടി പൂർത്തിയായാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കളക്ടറേറിലാണ്. സബ്‌രജിസ്ട്രാർ ഓഫീസ് വാടക കെട്ടിടത്തിലും. പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടെ, ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഒറ്റക്കുടക്കീഴിലാകും. ഒന്നരവർഷം കൊണ്ട് കേരള കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡിനെ തുടർന്ന് ഓൺലൈൻ വഴിയാണ് നിർവഹിച്ചത്. 4.45 കോടിയായിരുന്നു നിർമ്മാണ ചെലവ്.