വൈക്കം: നീരൊഴുക്ക് നിലച്ചതോടെ മാലിന്യം നിറഞ്ഞ് ചീഞ്ഞുനാറുകയാണ് ക്ഷേത്രനഗരിയുടെ ഹൃദയധമനിയായ അന്ധകാരത്തോട്.

നഗരത്തിന്റെ ഹൃദയ ഭാഗമായ പടിഞ്ഞാറെനടയിലൂടെ കടന്നുപോകുന്ന അന്ധകാരത്തോട് ഓരോ നിമിഷവും ജനജീവിതം ദുസഹമാക്കുകയാണ്. നഗരത്തിലെ ഓടകളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം അന്ധകാരത്തോടിൽ കെട്ടിക്കിടക്കുകയാണ്. തോട് വൃത്തിയാക്കാൻ നഗരസഭ 10 ലക്ഷം രൂപ നീക്കിവച്ചിരുന്നു. പക്ഷേ ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇതേവരെ തുടങ്ങിയിട്ടില്ല. അന്ധകാരത്തോട്ടിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമീപവാസികൾ നഗരസഭ അധികൃതർക്ക് കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു. മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ അന്ധകാരത്തോടിന്റെ കരയിലാണ് പണ്ട് തീണ്ടൽ പലക സ്ഥാപിച്ചിരുന്നത്. അതുവഴി വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിലും ഇടം നേടിയ അന്ധകാരത്തോട് നഗര ശുചീകരണത്തിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. വേമ്പനാട്ടുകായലിൽ വേലിയേറ്റമുണ്ടാകുമ്പോൾ കണിയാംതോട് വഴി അന്ധകാരത്തോട്ടിലൂടെ വെള്ളം തെക്കോട്ടൊഴുകി കെ വി കനാലിലൂടെ കായലിലേക്കും വേലിയിറക്കത്തിൽ കെ.വി കനാലിൽ നിന്ന് കണിയാംതോട് വഴി തിരിച്ചും വെള്ളമൊഴുകിയിരുന്നു. അന്ധകാരത്തോട്ടിലൂടെ വള്ളത്തിൽ സഞ്ചാരവുമുണ്ടായിരുന്നു. എന്നാൽ കൈയേറ്റം മൂലം കാലക്രമത്തിൽ തോടിന്റെ പല ഭാഗങ്ങളും ഇല്ലാതായി. അവിടെയെല്ലാം സ്വകാര്യ വ്യക്തികൾ നികത്തി കെട്ടിടങ്ങൾ പണിതു.ബാക്കിയായ ഭാഗം വീതികുറഞ്ഞ് പേരിന് മാത്രം ഒരു തോടായി. കെ.അജിത്ത് എം.എൽ.എ ആയിരിക്കേയാണ് തോട് നവീകരണത്തിന് പദ്ധതി തയാറായത്. മാലിന്യം നീക്കി വശങ്ങളും അടിത്തറയും കോൺക്രീറ്റ് ചെയ്ത് കെവി കനാലിലേക്ക് നീരൊഴുക്കിന് സാഹചര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അതും പൂർത്തിയായില്ല.

ഒന്നും അറിയാത്ത മട്ടിൽ

കാലാകാലങ്ങളിൽ റവന്യൂ, നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് അന്ധകാരത്തോട്ടിലെ കൈയേറ്റങ്ങൾ നടന്നിട്ടുള്ളതെന്ന് ആരോപണമുണ്ട്. കണിയാംതോട് മുതൽ കെവി കനാൽ വരെയുള്ള അന്ധകാരത്തോടിന്റെ മദ്ധ്യഭാഗമാണ് പൂർണമായും നികത്തിയത്. തോടിന്റെ വീതികുറഞ്ഞത് വ്യക്തമായിട്ടും വില്ലേജ്, നഗരസഭ അധികൃതർ അറിഞ്ഞമട്ട് നടിച്ചിട്ടില്ല.

പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി

കൈയേറ്റങ്ങൾക്കെതിരെ അഡ്വ.എസ്.ഉണ്ണികൃഷ്ണൻ കാലാക്കൽ, അഡ്വ.കെ.പി.റോയി, മാത്യു തിട്ടപ്പള്ളിൽ എന്നിവർ ചേർന്ന് നൽകിയ കേസിൽ അന്ധകാരത്തോടിന്റെ ഭാഗങ്ങൾ നാല് മാസത്തിനകം പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിധിപകർപ്പ് ബന്ധപ്പെട്ട അധികൃതർക്ക് യഥാസമയം കൈമാറിയിരുന്നെങ്കിലും ഇതേവരെ നടപടിയായിട്ടില്ല.