വൈക്കം : നഗരസഭ ജനകീയാസൂത്രണ രജത ജൂബിലിയുടെ ഭാഗമായി നടത്തുന്ന ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന 5 വഴിയോര വിശ്രമ കേന്ദ്രങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും ശിലാസ്ഥാപനം കോവിലകത്തുംകടവ് മത്സ്യമാർക്ക​റ്റിൽ നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷ് നിർവഹിച്ചു. ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും ഫണ്ടുപയോഗിച്ച് 70 ലക്ഷം രൂപ ചെലവിലാണ് നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ അത്യാധുനിക സംവിധാനത്തോടെ ടോയ്‌ലെറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങളും അമ്മമാർക്ക് മുലയൂട്ടാനും വിശ്രമിക്കാനും ഭിന്നശേഷിക്കാർക്കും പ്രത്യേകം സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിലകത്തുംകടവ് മത്സ്യ മാർക്ക​റ്റ്, വൈക്കം ബോട്ട് ജെട്ടി, കച്ചേരിക്കവല ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം, ദളവാക്കുളം ബസ്​റ്റാൻഡ്, കിഴക്കേനട ഡ്രൈവിംഗ് ടെസ്​റ്റ് കേന്ദ്രം എന്നിവിടങ്ങളാണ് ടോയ്‌ലെ​റ്റ് ബ്ലോക്ക് നിർമ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രീത രാജേഷ്, കെ.പി.സതീശൻ, എൻ അയ്യപ്പൻ, എസ്.ഇന്ദിരാദേവി, എസ്.ഹരിദാസൻ നായർ,എം.കെ.മഹേഷ്, സിന്ധു സജീവൻ, രാധിക ശ്യാം, ലേഖ ശ്രീകുമാർ, അശോകൻ വെള്ളവേലി, ബിജിമോൾ, ബി.രാജശേഖരൻ, രാജശ്രീ വേണുഗോപാൽ, എബ്രഹാം പഴയകടവൻ , ആർ.സന്തോഷ്, ബിന്ദു ഷാജി, പി.എസ്.രാഹുൽ , മുനിസിപ്പൽ എൻജിനിയർ ബി.ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി.അജിത്ത് എന്നിവർ പങ്കെടുത്തു.