പാലാ : ജനറൽ ആശുപത്രിയിലെ പാർക്കിംഗ് പ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു. ആശുപത്രി കവാടത്തിൽ വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞു. അടുത്ത ദിവസം മുതൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുമെന്ന് ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര 'കേരളകൗമുദി ' യോട് പറഞ്ഞു. ആശുപത്രിയുടെ കവാടത്തിലാണ് രണ്ട് തട്ടോടുകൂടിയ വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് തയ്യാറാക്കുന്നത്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച സ്ഥാനത്താണ് പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പണികൾ നടന്നുവരികയായിരുന്നു. ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നിരപ്പാക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇന്നും നാളെയുമായി ഈ പണികൾ പൂർത്തീകരിച്ചാലുടൻ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കും.

നൂറു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം

മുക്കാൽ ഏക്കറോളം സ്ഥലമാണ് ആശുപത്രി കവാടത്തിൽ തന്നെ പാർക്കിംഗിനായി നീക്കിവയ്ക്കുന്നത്. ഒരേ സമയം കാറുകൾ ഉൾപ്പെടെ നൂറു ചെറുവാഹനങ്ങൾക്ക് വരെ പാർക്ക് ചെയ്യാൻ സാധിക്കും. നിലവിൽ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും വാഹനങ്ങൾ ഇടുങ്ങിയ ആശുപത്രി റോഡിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതുമൂലം രൂക്ഷമായ ഗതാഗത തടസവും അപകടങ്ങളും പതിവായിരുന്നു. നിലവിൽ കാറുകൾ, ഓട്ടോറിക്ഷകൾ, മറ്റ് ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കാണ് പാർക്കിംഗ് അനുമതി നൽകുക.

പാർക്കിംഗ് ഫീസ് വരും

തുച്ഛമായ തുക പാർക്കിംഗ് ഫീസായി ഈടാക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ നഗരസഭ കൗൺസിൽ യോഗം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.