ഉരുളികുന്നം : ദേവസ്വംബോർഡ് ലേലം ചെയ്ത മരങ്ങൾ വെട്ടിയപ്പോൾ തർക്കവുമായി ബ്ലോക്ക് പഞ്ചായത്ത്. പുലിയന്നൂർക്കാട് ധർമ്മശാസ്താക്ഷേത്രത്തിന്റെ റോഡിനോട് ചേർന്ന് തിട്ടയ്ക്ക് മുകളിലുള്ള രണ്ട് തേക്കുമരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ലേലം ചെയ്തു. മരങ്ങൾ വെട്ടിയിട്ടപ്പോൾ ഭൂമി തങ്ങളുടേതെന്ന അവകാശവാദവുമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതരെത്തുകയായിരുന്നു.
റോഡിന്റെ ബാക്കിയായ രണ്ടര സെന്റ് തിട്ടയുടെ മുകളിലുള്ളതിൽ നിന്നാണ് തടി വെട്ടിയിട്ടതെന്ന് ബോർഡ് അധികൃതർ വിശദീകരിക്കുകയും ഇതിന് തെളിവായി അതിരുകല്ല് കാണിക്കുകയും ചെയ്‌തെങ്കിലും ബ്ലോക്ക് അധികൃതർ അംഗീകരിച്ചില്ല. ഇതോട് ചേർന്നുള്ള സ്ഥലം ബ്ലോക്കിന്റേതാണ്.
ഭൂമി അളന്നുതിട്ടപ്പെടുത്തി തിട്ടയ്ക്കുമുകളിലുള്ള ഭൂമി മുഴുവൻ ബ്ലോക്ക് പഞ്ചായത്തിന്റേതാണെന്ന് ബോദ്ധ്യപ്പെട്ടെന്ന് ബ്ലോക്ക് ഓഫീസർ വിശദീകരിച്ചു. വെട്ടിയിട്ട തടി എടുക്കരുതെന്ന് നിർദ്ദേശിക്കുകയും വളപ്പിന് കമ്പിവേലി കെട്ടി അതിരു തിരിക്കുകയും ചെയ്തു. മുൻകാലത്ത് വി.ഇ.ഒ.ഓഫീസ് സ്ഥാപിക്കുന്നതിന് ഇവിടെ എൻ.എസ്.എസ് കരയോഗം ബ്ലോക്ക് പഞ്ചായത്തിന് സ്ഥലം ദാനം ചെയ്തിരുന്നു. ഇതോട് ചേർന്നാണ് റോഡിനായി വാങ്ങിയ സ്ഥലത്തിന്റെ ബാക്കി ദേവസ്വം ബോർഡിന്റേതായുള്ളതെന്ന് ബോർഡ് അധികൃതർ പറഞ്ഞു. ഇവിടെ ബോർഡ് മുൻകാലത്ത് സ്ഥാപിച്ച അതിരുകല്ലുണ്ട്. ഇവിടെ 12 സെന്റ് തങ്ങൾക്കുള്ളതായാണ് രേഖകളെന്നാണ് ബ്ലോക്ക് അധികാരികളുടെ വിശദീകരണം. 2016ലെ കോടതിവിധിയനുസരിച്ച് ഈ ഭൂമി മുഴുവൻ ബ്ലോക്കിന്റേതാണ്.
ഉപദേശകസമിതി പറയുന്നത്
ബ്ലോക്കിന്റെ സ്ഥലം നഷ്ടപ്പെട്ടത് അവർ കണക്കാക്കാതെയാണ് അവകാശവാദം ഉന്നയിക്കുന്നതെന്ന് ക്ഷേത്ര ഉപദേശകസമിതി അറിയിച്ചു. ഒന്നര സെന്റ് സ്ഥലം സമീപത്തെ കുടുംബക്ഷേമകേന്ദ്രത്തിന്റെ സംരക്ഷണഭിത്തി ഇറക്കിക്കെട്ടി നഷ്ടപ്പെട്ടെന്നും കൂടാതെ പൊൻകുന്നം - പാലാ ഹൈവേ നവീകരിച്ചപ്പോൾ റോഡിനായി എടുത്ത സ്ഥലവും ബ്ലോക്ക് വക ഭൂമിയിൽ കുറവ് വരുമെന്നും ഭാരവാഹികൾ പറഞ്ഞു. ദേവസ്വംബോർഡിന്റെ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് കൈയേറിയത് തിരികെ കിട്ടാൻ നടപടി സ്വീകരിക്കുമെന്ന് സബ്ഗ്രൂപ്പ് ഓഫീസർ ഭക്തർക്ക് ഉറപ്പുനൽകി.