വൈക്കം : ക്ഷേത്ര നഗരിയ്ക്ക് സമഗ്ര വികസന പദ്ധതി. ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര സഹായത്തിന് സമർപ്പിക്കും. വൈക്കം നഗരസഭയുടെ 2022-23 വർഷത്തിലേക്കായി 32,32,27,157 രൂപ വരവും 31,97,50,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് ചെയർമാൻ പി.ടി.സുഭാഷ് അവതരിപ്പിച്ചു. പൈതൃക നഗര സംരക്ഷണ പദ്ധതിയിലോ, അമൃത പദ്ധതിയിലോ മറ്റേതെങ്കിലും സമാന പദ്ധതികളിലോപ്പെടുത്തി കേന്ദ്ര സഹായത്തോടെ നഗരത്തിന്റെ സമഗ്ര വികസനം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ഡി.പി.ആർ തയ്യാറാക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ബീച്ചിന്റെ വികസനം സംസ്ഥാന സർക്കാർ ധനസഹായവും, എം.പി, എം.എൽ.എ ഫണ്ടുകളും സമാഹരിച്ച് നടപ്പാക്കും. കാർഷിക മേഖലയുടെ വികസനത്തിനായി കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കും. തരിശ് കിടക്കുന്ന മുഴുവൻ കൃഷി ഭൂമിയും കൃഷിയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പശ്ചാത്തമേഖലയിൽ ഉദയനാപുരം, നടുവിലെപാലം, ചാലപ്പറമ്പ് എന്നീ പ്രധാന ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിക്കും.

ഡയറി വെറ്റിനറി മേഖലയിൽ കോഴിവളർത്തൽ, താറാവ് വളർത്തൽ, കന്നുകുട്ടി പരിപാലനം, കാടവളർത്തൽ, പെണ്ണാട് വളർത്തൽ എന്നിവ ഉൾപ്പെടുന്നു. ക്ഷീരകർഷകർക്ക് ചാണകപ്പൊടി കമ്പോസ്റ്റ് നിർമ്മിക്കാൻ സഹായം നൽകും. കലാ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ്, കലാകാരന്മാരുടെ കൂട്ടായ്മ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലോത്സവം എന്നിവ സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 23 സത്യഗ്രഹ ദിനമായി ആചരിക്കും. പുതുതലമുറയ്ക്ക് സത്യഗ്രഹത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് കാര്യപരിപാടികൾ സംഘടിപ്പിക്കും. വിനോദ സഞ്ചാര രംഗത്തെ വൈക്കത്തിന്റെ അനന്തമായ വികസന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ തയ്യാറാക്കും. കെ.വി.കനാലിന്റെ തീരങ്ങൾ മനോഹരമാക്കും. ഉൾനാടൻ ജലാശയങ്ങളുടേയും ബീച്ചിന്റേയും സാദ്ധ്യതകൾ ഈ മേഖലയിൽ പ്രയോജനപ്പെടുത്തും. പ്രധാന റോഡുകളുടെ അരികുകളിൽ പൂച്ചെടികൾ നട്ടുവളർത്തും.

പ്രധാന പ്രഖ്യാപനങ്ങൾ ഇവ

വിദ്യാഭ്യാസമേഖല : 47 ലക്ഷം

അങ്കണവാടി പോഷകാഹാരം, അടിസ്ഥാന വികസനം : 66 ലക്ഷം

ബീച്ച് നടപ്പാത : 5 ലക്ഷം

കാർഷിക മേഖല : 46 ലക്ഷം

ഡയറി, വെറ്റിനറി : 27 ലക്ഷം

മത്സ്യത്തൊഴിലാളി ക്ഷേമം : 25 ലക്ഷം

നഗരസഭ കെട്ടിടങ്ങളുടെ സംരക്ഷണം : 25 ലക്ഷം

കലാകായികം, യുവജനക്ഷേമം : 12 ലക്ഷം

ദാരിദ്രലഘൂകരണം : 4 കോടി 45 ലക്ഷം

വനിതാ ക്ഷേമം : 20 ലക്ഷം

പശ്ചാത്തമേഖല : 2 കോടി 20 ലക്ഷം