ചങ്ങനാശേരി: അധ:സ്ഥിതരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കേരളകൗമുദി മാത്രമാണ് തൂലിക ചലിപ്പിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദി നിലനിൽക്കേണ്ടത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഭരണസാരഥ്യമേറ്റെടുത്ത് കാൽനൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി ചങ്ങനാശേരി യൂണിയനും കേരളകൗമുദിയും കിംസ് ആശുപത്രിയുമായി ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധഃസ്ഥിതരുടെ നാവായി നിലകൊള്ളുന്ന പത്രമാണ് കേരളകൗമുദി. കേരളകൗമുദിയുള്ളതിനാൽ മാത്രമാണ് അവശവിഭാഗങ്ങളുടെ ആവശ്യങ്ങൾ ഭരണസിരാകേന്ദ്രങ്ങളിലെത്തുന്നത്. ആർക്കും അവഗണിക്കാൻ കഴിയാത്ത പത്രമായി കേരളകൗമുദി വളർന്നു. പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന് ഇന്നും പ്രസക്തിയുണ്ട്. അധഃസ്ഥിതർക്കായി മുഖംനോക്കാതെ എഴുതുന്ന ഒരേ ഒരു പത്രവും കേരളകൗമുദി മാത്രമാണ്. പ്രഗത്ഭ ഡോക്ടർമാരാണ് കിംസ് ആശുപത്രിയിലുള്ളത്. ചങ്ങനാശേരി യൂണിയന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യുവിന് കേരളകൗമുദിയുടെ ഉപഹാരം വെള്ളാപ്പള്ളി നടേശൻ സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഗുരുദേവഭക്തരായ കക്കാട് ശശികുമാർ, എം.കെ.ഷിബു, പി.എൻ.ഗോപീദാസ്, സി.പി.രാമകൃഷ്ണൻ-പൊന്നമ്മ രാമകൃഷ്ണൻ ദമ്പതികൾ എന്നിവരെ ആദരിക്കുകയും ചെയ്തു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, പ്രകാശ് മാത്യു എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.

കൊവിഡിനെ തുടർന്നുള്ള ശ്വാസകോശരോഗങ്ങൾ, പൾമനോളജി, ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോ, പീഡിയാട്രിക്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി നൂറുകണക്കിനാളുകൾ സേവനം പ്രയോജനപ്പെടുത്തി സൗജന്യമായി മരുന്നുകൾ വാങ്ങി.