
കോട്ടയം. വംശശുദ്ധിയുള്ള പശുക്കളെ ലഭിക്കാത്തതിനാൽ നാടൻ പശുപരിപാലനത്തിൽ നിന്ന് ക്ഷീരകർഷകർ പിന്തിരിയുന്നു. 10 വർഷമായി നിരവധി കർഷകരാണ് നാടൻ പശുപരിപാലനത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. വെച്ചൂർ പശു, കാസർഗോഡ് കുള്ളൻ, ചെറുവള്ളി, തിരുവല്വാമല, വടകര കുള്ളൻ, കൃഷ്ണപശു, തബില, സിന്ധ്യ തുടങ്ങി നിരവധിയിനം നാടൻ പശുക്കളുണ്ട്. നാടൻ പശുപരിപാലനത്തിന്റെ ആദ്യഘട്ടത്തിൽവെച്ചുർ പശുവിന് ഒരു ലക്ഷം രൂപ മുതലായിരുന്നു വില.
നാടൻ പശുക്കളുടെ പ്രത്യേകത വംശശുദ്ധിയാണ്. എന്നാൽ, നാടൻപശു വളർത്തൽ വ്യാപകമായതോടെ, ഇവയുടെ ബീജത്തിന് ക്ഷാമം നേരിട്ടുതുടങ്ങി. കാളകൾ കുറഞ്ഞതോടെ കെ.എൽ.എം ബോർഡിൽ നിന്നാണ് നിലവിൽ ബീജം നൽകുന്നത്. ബ്രീഡ് പരിശോധിച്ചാണ് ബീജം നൽകുന്നതെങ്കിലും നാടൻ പശുക്കളിൽ കുത്തിവച്ചുണ്ടാകുന്ന ക്ടാവുകൾക്ക് വംശഗുണം ലഭിക്കാതെ വന്നുതുടങ്ങി. ഇത്തരത്തിൽ ഗുണനിലവാരം കുറഞ്ഞ പശുക്കളെയാണ് വിപണിയിലെത്തിക്കുന്നത്. ഇത് വിലയിടിയുന്നതിനും ഇടയാക്കി. നിലവിൽ ഇരുപതിനായിരം രൂപയിൽ താഴെയാണ് നാടൻ പശുക്കളുടെ വില.
ചെലവ് കുറഞ്ഞ പരിപാലനം.
തനിനാടൻ പശുക്കളുടെ പ്രത്യേകത കാലാവസ്ഥയ്ക്ക് ഇണങ്ങിയതും ചെലവ് കുറഞ്ഞതുമായ പരിപാലനമാണ്. രാജ്യത്ത് എല്ലായിടത്തും തനത് പശുക്കളുണ്ട്. ഇവയെ സംരക്ഷിക്കുന്നതിനായി, നിരവധി പദ്ധതികൾ കേന്ദ്ര,സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും വംശശുദ്ധി നിലനിർത്തുന്നതിനുള്ള സംവിധാനം ഇവിടെയില്ല. ഇങ്ങനെ പോയാൽ ഭാവിയിൽ നാടൻപശുക്കൾക്ക് വംശനാശം നേരിടും. നാടൻ പശുക്കളെന്നു പറഞ്ഞ് കർഷകർ വാങ്ങുന്നത് ഒറിജിനലാണോ എന്നുറപ്പിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ്. നാടൻപശുക്കളിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള പാൽ ലഭിക്കുന്നത്.
നാടൻ പശുക്കളെ സംരക്ഷിക്കുന്നതിനും വംശശുദ്ധി സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കർഷക കോൺഗ്രസ് ചെയർമാൻ എബി ഐപ്പ് ആവശ്യപ്പെട്ടു.