തലയോലപ്പറമ്പ് : പഴയ വാഹനങ്ങൾ എടുത്ത് പൊളിച്ച് വിൽക്കുന്ന ആക്രിക്കടയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ ഈസ്റ്റ് ചമ്പാനരിൽ ഖങ്ങിനിയിൽ ബിക്കാ ദാസിന്റെ മകൻ രാജുകുമാർ (20) ആണ് ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞത്. കഴിഞ്ഞ മാസം 24 ന് രാവിലെയാണ് തലയോലപ്പറമ്പ് മാർക്കറ്റ് പാലാംകടവ് റോഡിൽ പ്രവർത്തിക്കുന്ന എൻ.എൻ ബ്രദേഴ്‌സ് എന്ന ആക്രിക്കടയിലെ പഴയ അംബാസിഡർ കാർ പൊളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിന്റെ ടാങ്കുകളിൽ അവശേഷിച്ചിരുന്ന ഇന്ധനങ്ങളിൽ തീപടർന്നു പിടിക്കുകയായിരുന്നു. ഇതിനിടെ തൊഴിലാളികളായ രാജുകുമാർ, സർവൻകുമാർ, അഭിജിത്ത് എന്നിവരുടെ ദേഹത്തേയ്ക്ക് തീആളിപ്പടർന്നു. അഭിജിത്ത് രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സർവർ കുമാർ (34) ഇപ്പോഴും ചികിത്സയിലാണ്. രാജുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലൈ വൈകിട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോയി.