ചങ്ങനാശേരി: ചങ്ങനാശേരിയിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു മുങ്ങിയയാളെ മുണ്ടക്കയത്ത് നിന്നും പൊലീസ് പിടികൂടി. പെരുവന്താനം പല്ലോർകാവ് പൊള്ളില്ലത്ത് രാജീവ് (46) നെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന പാറേപ്പള്ളിയുടെ ജോലികൾ ചെയ്യുന്ന പാറമ്പുഴ സ്വദേശി കെ.കെ ആകാശ്‌മോന്റെ സ്‌കൂട്ടറാണ് പാറേപ്പള്ളി അങ്കണത്തിൽ നിന്നും കഴിഞ്ഞ 22ന് വൈകുന്നേരം മോഷണം പോയത്. വാഹന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ് ഐ ജയകൃഷ്ണൻ, സി പി ഒമാരായ ജിബിൻ ലോബോ, തോമസ് സ്റ്റാൻലി, കലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ സ്‌കൂട്ടർ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ലോഡ്ജിനു സമീപത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.