പാലാ: ജനറൽ ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സക്കായി അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പുതിയ ചികിത്സാ കേന്ദ്രത്തിന് ജനപ്രതിനിധികൾ നീക്കം തുടങ്ങി. എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മാണി സി. കാപ്പൻ എം.എൽ.എ., പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ പാലാ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാവിഭാഗമുണ്ട്. ഇവിടെ ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടുന്നുണ്ട്. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുകൂടിയായ ഡോ. ശബരിനാഥിന്റെ നേതൃത്വത്തിലാണ് കാൻസർ ചികിത്സാവിഭാഗം പ്രവർത്തിക്കുന്നത്. കീമോ തെറാപ്പിക്കുള്ള സൗകര്യം ജനറൽ ആശുപത്രിയിലുണ്ട്. എന്നാൽ റേഡിയേഷൻ ഉൾപ്പെടെയുള്ള മറ്റ് ചികിത്സയ്ക്കായി രോഗികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കി കാൻസറിനുള്ള എല്ലാവിധ ആധുനിക ചികിത്സകളും ലഭ്യമാക്കുന്ന കേന്ദ്രമാണ് ലക്ഷ്യമിടുന്നത്.
കെ.എം. മാണിയുടെ പേരിൽ
പാലാ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുകയും പാവപ്പെട്ട രോഗികൾക്കായി കാരുണ്യ ചികിത്സാ സഹായം അരംഭിക്കുകയും ചെയ്ത കെ.എം. മാണിയുടെ പേരിലാകും ചികിത്സാ കേന്ദ്രം ആരംഭിക്കുക. നിലവിൽ ജനറൽ ആശുപത്രിയുടെ കാവാടത്തിങ്കൽ പഴയ കെട്ടിടം പൊളിച്ചുകളഞ്ഞ സ്ഥാനത്ത് രണ്ട് തട്ടിലായി വിശാലമായ പാർക്കിംഗ് കേന്ദ്രവും അതിനുമുകളിലായി പുതുതായി കാൻസർ ചികിത്സാ കേന്ദ്രത്തിന് മന്ദിരം നിർമ്മിക്കാനുമാണ് ലക്ഷ്യമിടുന്നത്. കാൻസർ ചികിത്സാ കേന്ദ്രത്തിലേക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് അറ്റോമിക് എനർജി കമ്മീഷനിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും എസ്.ബി.ഐയിൽ നിന്നുമൊക്കെയായി ഏകദേശം എട്ടകോടിയോളം രൂപയുടെ സഹായ വാഗ്ദാനം നിലവിൽ ലഭിച്ചുകഴിഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട് എന്നിവയും ലഭിക്കും