പാലാ : നിർമ്മാണം പൂർത്തീകരിച്ച പാലാ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 1 ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. കെ.എം മാണിയുടെ 2014 - 15 വർഷത്തെ ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളിലായി കെട്ടിട സമുച്ചയം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ നിർമ്മാണം പൂർത്തീകരിച്ച 20 മുറികൾ ഉദ്ഘാടന ശേഷം ലേലം ചെയ്ത് നൽകും. മുറികൾ ലേലം കൊള്ളുന്നതിന് നിരവധി അന്വേഷണങ്ങൾ വരുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി ടോയിലറ്റ് കോംപ്ലക്‌സുകൾ താഴത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക പേ ആൻഡ് പാർക്ക് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മുകൾ നിലയിലേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മാറ്റി സ്ഥാപിച്ച് ബാക്കി ഭാഗം ലേലം ചെയ്ത് നൽകുന്നതിനുളള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.