ചങ്ങനാശേരി: നഗരസഭയുടെ നൂറുദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. വൈകിട്ട് നാലിന് നഗരസഭാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. ശതാബ്ദി ആഘോഷങ്ങളുടെ വരവറിയിച്ച് ബോട്ടുജെട്ടിയിൽ നിന്നും വിളംബര ദീപശിഖാറാലി നഗരത്തിലെ കായിക പ്രേമികളുടെ നേതൃത്വത്തിൽ നടക്കും. നൂറു ദിവസം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വികസനസെമിനാറുകൾ, പ്രവാസിസംഗമം, കലാകായികമത്സരങ്ങൾ, സാംസ്‌ക്കാരികഘോഷയാത്ര, പ്രതിഭാസംഗമം, മുൻജനപ്രതിനിധികളുടെയും അദ്ധ്യക്ഷന്മാരുടെയും സംഗമം എന്നിവ നടക്കും. അഡ്വ.മധുരാജ് ജനറൽ കൺവീനറായി സ്വാഗതസംഘവും രൂപീകരിച്ചു. ശതാബ്ദിയുടെ ഭാഗമായി അമൃത് പദ്ധതിയിൽപ്പെടുത്തി 168 കോടി രൂപയുടെ കുടിവെള്ളപദ്ധതിയ്ക്കായി കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കും.