കെ.എം മാണി മെമ്മോറിയൽ കാൻസർ സെന്റർ നിർമ്മിക്കും
പാലാ: ജനറൽ ആശുപത്രിയിൽ കെ.എം മാണി മെമ്മോറിയൽ കാൻസർ സെന്റർ സ്ഥാപിക്കുന്നതിന് 2 കോടി രൂപയും പുതുതായി ഇ.എം.എസിന്റെ പേരിൽ സ്റ്റേഡിയം ആരംഭിക്കുന്നതിന് 1 കോടി രൂപയും ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 35 കോടി രൂപയുടെ വിപുലമായ ബഡ്ജറ്റ് പാലാ നഗരസഭയിൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അവതരിപ്പിച്ചു.
പാലാ ജനറൽ ആശുപത്രിയെ രോഗി സൗഹൃദ ആശുപത്രിയായി മാറ്റുന്നതിന് അധികതുകയായി 1 കോടി രൂപാകൂടി വകയിരുത്തിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ കെ.എം. മാണി മെമ്മോറിയൽ കാൻസർ സെന്റർ ആരംഭിക്കുമെന്ന് ഇന്നലെ 'കേരള കൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. ജനറൽ ആശുപത്രിയുടെ അഭിവൃദ്ധിക്കാണ് ഇത്തവണ ബഡ്ജറ്റിൽ നഗരസഭ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
നിലവിലെ മുൻസിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമായി മാറിയപ്പോൾ പാലായിലെ കായിക പ്രേമികൾക്കും കായിക താരങ്ങൾക്കും കളിസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കളിസ്ഥലം സ്ഥലമേറ്റെടുത്ത് നിർമ്മിക്കുന്നതിനായി 1 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇ.എം.എസിന്റെ പേരിലാകും സ്റ്റേഡിയം അറിയപ്പെടുക.
നഗരസഭയിലെ സർക്കാർ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപയും ലൈബ്രറികളുടെ നവീകരണത്തിന് 5 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുകൾ നിർമ്മിക്കാൻ 1 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
നഗരസഭ രൂപീകരിച്ച് 75 വർഷം പൂർത്തിയാകുന്ന ആഘോഷപരിപാടികൾക്കായി 5 ലക്ഷം രൂപാ വകയിരുത്തി. നഗരസഭ ഓഫീസ് ഓഡിറ്റോറിയം എ.സി. സ്ഥാപിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 12 ലക്ഷം രൂപയും പൊതുശ്മശാനം നവീകരിക്കുന്നതിന് 15 ലക്ഷം രൂപയും വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമ്മാണത്തിനും മൂന്നരകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജൻഡർ റിസോഴ്‌സ് സെന്റർ സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും മൃഗാശുപത്രി നവീകരണത്തിന് 15 ലക്ഷം രൂപയും കാർഷികമേഖലയിലേക്ക് 5 ലക്ഷം രൂപയും വനിതാശിശുക്ഷേമം, ഭിന്നശേഷി വയോജന സൗഹൃദം പരിപാടികൾക്കായി 7 ലക്ഷം രൂപയും ഉൾപ്പെടുന്ന ബഡ്ജറ്റാണ് വൈസ് ചെയർപേഴ്‌സൺ അവതരിപ്പിച്ചത്. കോട്ടയം ജില്ലയിൽ ജൻഡർ ബഡ്ജറ്റ് അവതരിപ്പിച്ച ഏക നഗരസഭയാണ് പാലാ.
35,22,46,930 രൂപാ വരവും 34,78,70,030 രൂപാ ചിലവും വരുന്ന ബഡ്ജറ്റാണ് അംഗീകരിച്ചത്. ബജറ്റവതരണ യോഗത്തിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു.