പാലാ: പാലാ ജനറൽ ആശുപത്രി കാൻസർ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ച് റേഡിയേഷൻ ചികിത്സ കൂടി സാദ്ധ്യമാക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പാക്കുന്ന കെ.എം.മാണി കാൻസർ സെന്ററിന് കോട്ടയം ജില്ലാ പഞ്ചായത്തും സഹായം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും അംഗം രാജേഷ് വാളിപ്ലാക്കൽ, ആസൂത്രണ സമിതി അംഗം ജയ്‌സൺ മാന്തോട്ടം എന്നിവർ അറിയിച്ചു. കോട്ടയം ജില്ലയിലെ രണ്ടാം റേഡിയേഷൻ വിഭാഗത്തിന് തുടക്കമിടാനുള്ള പാലാ നഗരസഭാ തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. ഇവിടെ റേഡിയോ തെറാപ്പി കോബാൾട്ട് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഒരു കോടിയിൽപരം രൂപ ഉടൻ ലഭ്യമാക്കും. ഈ സാമ്പത്തിക വർഷം തന്നെ തുക കൈമാറും.