mg

കോട്ടയം. എം.ജി സർവകലാശാല കലോത്സവം 'വേക്ക് അപ് കോൾ' ഏപ്രിൽ ഒന്നു മുതൽ 5 വരെ പത്തനംതിട്ടയിൽ നടക്കും. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കലോത്സവത്തിന് കേളികൊട്ടുയരുന്നത്. എല്ലാ ഇനങ്ങൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും പ്രത്യേക മത്സരം ഉണ്ടായിരിക്കും.
പത്തനംതിട്ട നഗരസഭാസ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാവുന്ന വലിയ വേദിയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും കുട്ടനാട് താലൂക്കിൽ നിന്നുമായി 300 കോളേജുകളിലെ പതിനായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് പുറമേ കലോത്സവത്തിന്റെ 5 ദിവസവും വേദികളിൽ കലാ കായിക രംഗത്തെ പ്രതിഭകളും അതിഥികളായി എത്തും. നവ്യ നായർ, സ്റ്റീഫൻ ദേവസി, ആന്റണി വർഗീസ് പെപ്പെ, അനശ്വര രാജൻ, ഐ.എം.വിജയൻ, കൈലാഷ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വേദികളിലെത്തും.

സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കലോത്സവം തുടങ്ങുക. നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന ഘോഷയാത്ര ടൗൺ സെന്റർ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. തെയ്യം, പുലികളി, കുട്ടക്കാവടി, മയൂരനൃത്തം, നിലകാവടി, അർജുന നൃത്തം, പടയണി കോലങ്ങൾ, പമ്പമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റ്, റോളർ സ്‌കേറ്റിംഗ് തുടങ്ങിയവ മിഴിവേകും. ആകെ 61 ഇനങ്ങളിലാണ് മത്സരം. പോയിന്റ് നിലയിൽ മുന്നിലെത്തുന്നവർക്ക് കലാപ്രതിഭ, കലാതിലക പട്ടങ്ങൾ സമ്മാനിക്കും.