വൈക്കം : നഗരമദ്ധ്യത്തിൽ വർഷങ്ങളായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കാൻ ഓട തീർത്തത് പ്രദേശവാസികൾക്ക് ആശ്വാസമായി. നഗരസഭ 17ാം വാർഡിൽ വൈക്കം തോട്ടുവക്കം കെ.വി കനാലിന് വടക്കുഭാഗത്താണ് വാർഡ് കൗൺസിലർ രാധികാ ശ്യാമിന്റ ശ്രമഫലമായി 80 സെന്റിമീറ്റർ താഴ്ചയിൽ 50 മീറ്റർ നീളത്തിൽ മൂന്നര ലക്ഷം രൂപ വിനിയോഗിച്ച് ഓട തീർത്തത്. വർഷങ്ങളായി ഈ ഭാഗത്ത് പെയ്ത്തു വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഈ ഭാഗത്തെ 15 കുടുംബങ്ങൾ ദുരിതപൂർണമായ ജീവിതമാണ് നയിച്ചു വന്നത്.വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ വന്നതോടെ പെയ്തു വെള്ളം വീടിനു ചുറ്റും വഴിയിലും കെട്ടി നിൽക്കുകയായിരുന്നു. വീടുകളുടെ സമീപത്തെ പുരയിടങ്ങളിലും വെള്ളം കെട്ടിനിന്നതിനാൽ പ്രദേശ വാസികൾക്ക് വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികൾ ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. ഓട തീർത്തതോടെ വെള്ളക്കെട്ട് ദുരിതം മാറുന്നതിനൊപ്പം പ്രദേശേത്തേക്കുള്ള വഴിയുടെ വീതിയും വർദ്ധിക്കും. ഇതിനു പുറമെ വൈക്കം - വെച്ചൂർ റോഡിൽ ഗവ.ബോയ്സ് സ്‌കൂളിന് സമീപത്തെ വെള്ളെക്കെട്ട് പരിഹരിക്കാനും ഓട തീർത്തു. നഗരത്തിലെ അഞ്ചുവാർഡുകളുമായി ബന്ധപ്പെട്ട് കടന്നുപോകുന്ന അന്ധകാര തോട്ടിലെ ചെളി നീക്കുന്ന പ്രവർത്തനവും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.