കോട്ടയം: ചെളിക്കുളം...! യാത്ര ചെളിയിൽ കുഴയും... ഈരയിൽക്കടവ് കളക്ടേറ്റ് റോഡിൽ ഇപ്പോൾ കാത്തിരിക്കുന്നത് ദുരിതയാത്രയാണ്. മണ്ണിളകി കുണ്ടും കുഴിയുമായി ചെളിനിറഞ്ഞ നിലയിലാണ് റോഡ്. പൈപ്പ് സ്ഥാപിക്കാൻ ജല അതോറിട്ടി അധികൃതർ റോഡ് കുഴിച്ചതാണ് ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ സമീപവാസികളും ഇതുവഴിയെത്തുന്ന വാഹനയാത്രക്കാരും കടുത്ത ദുരിതത്തിലായി. കഞ്ഞിക്കുഴി, കളക്ട്രറ്റ്, ഈരയിൽകടവ് ബൈപ്പാസ്, കോടിമത ബൈപ്പാസ്, മനോരമ ജംഗ്ഷൻ, കോട്ടയം ചന്ത എന്നിവിടങ്ങളിലേക്ക് കഞ്ഞിക്കുഴിയിലെയും നഗരത്തിലെയും ഗതാഗതകുരുക്ക് ഒഴിവാക്കി പോകാനുള്ള എളുപ്പമാർഗമാണിത്. റോഡിന്റെ മധ്യഭാഗത്ത് വലിയ കുഴികൾ എടുത്താണ് പൈപ്പ് മൂടിയിരിക്കുന്നത്. മറ്റ് ചിലഭാഗത്താകട്ടെ റോഡ് പൂർണമായും കുഴിച്ച നിലയിലുമാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് ചെളിയിൽ വീഴുന്നതും പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിയുയരുന്നതാണ് മറ്റൊരു പ്രതിസന്ധി. പൊടിമൂലം സമീപവാസികളും വ്യാപാരികളുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

നാട്ടകം ടാങ്കിലേക്ക് പൈപ്പ് ഇടുന്നതിന്റെ ഭാഗമായാണ് റോഡ് കുഴിച്ച് പൈപ്പിടുന്ന ജോലികൾ നടക്കുന്നത്.

ടാറിംഗ് വൈകും

പൈപ്പിടുന്ന ജോലികൾ കഴിയാതെ പൊതുമരാമത്ത് വകുപ്പിന് ഈ ഭാഗത്ത് ടാർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്‌പെൻസറി ആശുപത്രിയിൽ രോഗികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് തകർന്നതിനാൽ റോഡിലൂടെ ഓട്ടോറിക്ഷയും സർവീസ് നടത്തുന്നില്ല. ഇതുവഴി പോകേണ്ട വാഹനങ്ങൾ കെ.കെ റോഡിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ കഞ്ഞിക്കുഴി ഭാഗത്ത് കുരുക്ക് രൂക്ഷമാവുകയാണ്.