
കോട്ടയം. ഉച്ചവരെ കനത്ത വെയിലിൽ കത്തി നിന്ന ജില്ലയുടെ പല ഭാഗങ്ങളിലും കനത്തമഴയും കാറ്റും ഇടിയും മിന്നലും ഒരുമിച്ചെത്തി. ദേശീയ പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ കലാശക്കൊട്ടിന് സമാനമായാണ് വേനൽമഴയെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തിരുന്നെങ്കിലും ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട മഴ ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചങ്ങനാശേരിയിലും സമീപപ്രദേശങ്ങളിലും മഴ പെയ്തപ്പോൾ, വൈകിട്ട് ആറോടെയാണ് കോട്ടയം നഗരത്തിൽ മഴ ആരംഭിച്ചത്. അപ്രതീക്ഷതമായെത്തിയ മഴ പണിമുടക്ക് ബാധിക്കാത്തവരെ വെട്ടിലാക്കി. പുറത്തിറങ്ങാനും വീടുകളിലേയ്ക്ക് മടങ്ങാനും സാധിക്കാതെ മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കാറ്റും ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതിയും മുടക്കി. റോഡുകൾ പലതും വെള്ളക്കെട്ടിലാവുകയും ചെയ്തു. ശക്തമായ കാറ്റിൽ വൻ വൃക്ഷങ്ങളടക്കം ആടിയുലഞ്ഞത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കനത്തവെയിലിൽ മഴയെത്തിയത് കർഷകർക്കും കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയവർക്കും ആശ്വാസമായി.