വൈക്കം: കാർ നിയന്ത്രണം തെറ്റി കലുങ്ക് പാലത്തിനു സമീപത്തുകൂടി കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് ഇടിച്ചു കയറി. കാർ ചെളി നിറഞ്ഞ തോട്ടിലേക്ക് പതിക്കാതിരുന്നതിനാൽ ആളപായമൊഴിവായി. വല്ലകത്ത് കലുങ്കിനോടു ചേർന്ന ജലവിതരണ പൈപ്പിലേക്ക് ഞായറാഴ്ച രാത്രി 12.15 ഓടെയാണ് കാർ ഇടിച്ചുകയറിയത്. വൈക്കം ഉദയനാപുരം സ്വദേശി കണ്ണൻ തലയോലപറമ്പിൽ നിന്നു വൈക്കത്തേക്ക് വരുന്നതിനിടയിലാണ് അപകടം. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കാറിന്റെ ഡോർ ബലമായി തുറന്നാണ് കണ്ണനെ പുറത്തെടുത്തത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോർന്നതിനാൽ ജല വിതരണ പൈപ്പിലെ വാൽവ് അധികൃതർഅടച്ചു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ ജെ സി ബി ഉപയോഗിച്ചാണ് കാർ റോഡിലെത്തിച്ചത്.


ഫേട്ടോ: വൈക്കം വല്ലകത്ത് കലുങ്കിനോട് ചേർന്നു കടന്നുപോകുന്ന ജല വിതരണ പൈപ്പിനു മീതേക്ക് നിയന്ത്രണം തെറ്റി ഇടിച്ചു കയറിയ കാർ.