വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി 31ന് ആരംഭിക്കും. 13 നാണ് സമാപനം. എതിരേൽപ്പ് താലപ്പൊലി 8ന് ആരംഭിച്ച് 12 ന് സമാപിക്കും. 14 നാണ് ഗരുഡൻ തൂക്കം. 15ന് വിഷു നാളിൽ തോറ്റം പാട്ട്, വിൽപ്പാട്ട് എരിതേങ്ങ, വലിയ ഗുരുതി, തീയാട്ട് , അരിയേറ് എന്നിവക്ക് ശേഷം നടയടയ്ക്കും. വിശേഷാൽ ചടങ്ങുകൾക്ക് ശേഷമാണ് ക്ഷേത്രനട അടക്കുന്നത്. ഗരുഡൻ തൂക്കങ്ങൾ അകത്ത് കയറിയ ശേഷം വിഷുക്കണി ദർശനവും അഭിഷേങ്ങളും നിവേദ്യങ്ങളും നടത്തും. തുടർന്ന് കളം പൂജ, കളം പാട്ട്. ശ്രീകോവിലിൽ തെളിയിച്ച നെയ് തിരി രണ്ടായി പകുത്ത് രണ്ടായി മുറിച്ച നാളികേരത്തിലേക്ക് പകരും. അത്താഴപൂജക്ക് അരിയളന്ന ശേഷം ക്ഷേത്ര മേൽശാന്തി എ. വി. ഗോവിന്ദൻ നമ്പൂതിരി എരി തേങ്ങയിൽ അഗ്‌നി പകരും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പന്തിരായിരത്തിലധികം നാളികേരം അഗ്‌നിയിൽ എരിയും. മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായാണ് എരിതേങ്ങയെന്ന് വിശ്വാസം.. വലിയ തീയാട്ടിന് ശേഷം തീയാട്ടുണ്ണി ശ്രീകോവിലിലേക്ക് അരിയേറു നടത്തുന്നതോടെ ക്ഷേത്ര നട അടക്കും. ദേവി പാണ്ഡ്യ ദേശത്തേക്ക് പോകുന്നതായാണ് ഐതിഹ്യം. മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് ദേവി തിരിച്ച് എഴുന്നള്ളുന്നതോടെ പൂജാദി ചടങ്ങുകളും പതിവ് രീതിയിൽ ദർശനവും പുനരാരംഭിക്കും.