subair

കോട്ടയം. വേളൂർ പാറപ്പാടം ദേവീ ക്ഷേത്രത്തിൽ കൊടിയേറ്റിനും കൊടിയിറക്കിനും കൊടിമരച്ചുവട്ടിൽ നിന്ന് ആചാരവെടി മുഴക്കുന്നത് മുസ്ലീം സമുദായാംഗം. ഇന്നലെ നടന്ന കൊടിയേറ്റിന് ആചാരവെടി മുഴക്കിയ വാഴക്കൂട്ടത്തിൽ കുടുംബാംഗമായ സുബൈറിനെ തിരുവിതാംകൂർ ദേവസ്വം ഭാരവാഹികൾ പതിവുപോലെ പണക്കിഴി നൽകി ആദരിച്ചു.

അഞ്ഞൂറോളം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് കൊടിയേറുമ്പോഴും കൊടിയിറക്കുമ്പോഴും വാഴക്കൂട്ടത്തിൽ മുസ്ലീം കുടുംബാംഗത്തിലെ മുതിർന്ന അംഗത്തിനാണ് തോക്കിൽ നിന്ന് ആചാരവെടി മുഴക്കാനുള്ള പാരമ്പര്യാവകാശം. കൊടിയേറ്റിന് ഒന്നും കൊടിയിറക്കിന് നാലും വെടിയാണ് വെക്കുന്നത്. നേരത്തേ നാടൻ തോക്കാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എയർ ഗണ്ണാണ് .

ജോനകപ്പടയുടെ കാവലിൽ തുടക്കം.

തെക്കുംകൂർ രാജഭരണ കാലത്ത് വള്ളിപ്പടർപ്പിൽ നിന്ന് കണ്ടെടുത്ത പ്രതിഷ്ഠാ ബിംബം താത്ക്കാലികമായി സൂക്ഷിച്ചപ്പോൾ കാവലിന് ജോനകപ്പടയിലെ പ്രമുഖരായ മൂസാംബികളെയാണ് രാജാവ് നിയോഗിച്ചത്. ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയപ്പോൾ ഉത്സവത്തിന് ആചാരവെടി മുഴക്കാനുള്ള അവകാശം വാഴക്കൂട്ടത്തിൽ മുസ്ലിം കുടുംബത്തിന് നൽകി. .

വി.എ.സുബൈർ പറയുന്നു.

' 15 വർഷമായി പാറപ്പാടം ദേവീ ക്ഷേത്രോത്സവത്തിന് ക്ഷേത്രമതിൽകെട്ടിനുള്ളിൽ കൊടിമരചുവട്ടിൽ നിന്ന് ആചാരവെടി ഉതിർക്കുന്നു. ചടങ്ങിന് മുമ്പ് തോക്ക് ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ചു തരും. മതമൈത്രിയുടെ പ്രതീകമായാണ് ഇതിനെ കാണുന്നത്. അഹിന്ദുവായതിന്റെ പേരിൽ ഒരു എതിർപ്പും ഉണ്ടായിട്ടില്ല. വലിയ ആദരവാണ് ലഭിക്കുന്നത്. എനിക്കു തരുന്ന പണക്കിഴി ദേവിക്കുള്ള വഴിപാടായി തിരിച്ചു നൽകും.