
കോട്ടയം. അതിരമ്പുഴ കാമ്പസിലെ മരങ്ങൾ അനുമതിയില്ലാതെ വെട്ടിയതിന് വനം വകുപ്പ് കേസെടുത്ത എം.ജി.സർവകലാശാലയ്ക്ക് "വനംമിത്ര " അവാർഡ് നൽകുന്നതിനെതിരെ പരാതി നൽകി ട്രീ ബോർഡ് അംഗങ്ങൾ. നാളെ വനംമന്ത്രി സമ്മാനിക്കാനിരിക്കുന്ന അവാർഡ് പിൻവലിക്കണമെന്നാണ് ആവശ്യം.
ജില്ലാ ട്രീ ബോർഡംഗങ്ങളായ ഡോ.ബി.ശ്രീകുമാർ, കെ.ബിനു എന്നിവരാണ് പരാതിക്കാർ.
നാല് ഏക്കറോളം സ്വാഭാവിക വനമാണ് എം.ജി സർവകലാശാലാ കാമ്പസിലുള്ളത് . ട്രീ ബോർഡിന്റെ അനുമതി വാങ്ങാതെ 12 തവണയായി 102 മരം വെട്ടിക്കടത്തിയെന്ന പരാതിയിൽ വനം വകുപ്പ് കേസെടുത്തിരുന്നു. 2014 നവംബർ 29 മുതൽ ആഞ്ഞിലി, പൊങ്ങല്യം, ഞാവൽ, പാല, മഹാഗണി തുടങ്ങിയ മരങ്ങളും അപൂർവ സസ്യജാലങ്ങളും വെട്ടിയതായാണ് കേസ്. വെട്ടി മാറ്റിയ തടികൾ കൊണ്ടു പോകാൻ മരങ്ങൾ വീണ്ടും വെട്ടി റോഡുണ്ടാക്കിയതും വിവാദമായിരുന്നു.
ട്രീബോർഡ് അംഗം കെ.ബിനു പറയുന്നു.
മരങ്ങൾ വച്ചു പിടിപ്പിക്കുകയും പരിസ്ഥിതി മേഖലയിലെ സംഭാവനകൾക്കും വനം വകുപ്പ് നൽകുന്നതാണ് വനം മിത്ര പുരസ്ക്കാരം. അവാർഡ് പരിഗണനയ്ക്ക് വ്യക്തികളും സ്ഥാപനങ്ങളുമായി നിരവധി അപേക്ഷകർ ഉണ്ടായിട്ടും കൂടുതൽ മരങ്ങൾ വെട്ടി നശിപ്പിച്ച എം.ജി സർവകലാശാലയെ തിരഞ്ഞെടുത്തത് മുട്ടിൽ മരം മുറി കേസിൽ പ്രതിയായ റോജി ജോണിന് വനംമിത്ര അവാർഡ് നൽകുന്നതുപോലെയാണ്.