പാലാ : ഒറ്റമഴയിൽ വെള്ളപ്പൊക്കമുണ്ടാകുന്ന റോഡ് പാലായിലുണ്ട്. ടൗണിന്റെ ഒത്തനടുക്കുള്ള പഴയ മൃഗാശുപത്രി റോഡിനാണീ ദുർഗതി.

വർഷത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം റോഡിലൊക്കെ വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പാലാക്കാരങ്ങ് സഹിക്കും. എന്നാൽ എല്ലാ മഴയത്തും വെള്ളം കയറുന്ന നഗരഹൃദയത്തിലെ റോഡിന്റെ ദുരിതം മാറ്റുന്നതിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥയിൽ നഗരവാസികൾക്കും മറ്റ് യാത്രക്കാർക്കും പ്രതിഷേധമുണ്ട്. പാലാ പട്ടണത്തിന് നടുവിലുള്ള പഴയ മൃഗാശുപത്രി റോഡ്, നഗരസഭയുടെ പന്ത്രണ്ടാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ഒറ്റമഴ പെയ്താൽ മുട്ടൊപ്പമെത്തുന്ന ചെളിവെള്ളത്തിൽ കൂടി വേണം നടക്കാൻ. മെയിൻ റോഡിൽ നിന്ന് തിരിയുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി വെള്ളം കണ്ട് പിന്തിരിയും.

പാലാ - പൂഞ്ഞാർ ഹൈവേയോട് ചേർന്ന് നൂറ് മീറ്ററോളം ഭാഗത്താണ് ഒറ്റമഴയിൽ പതിവായി രണ്ടടിയിലേറെ ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാലങ്ങളായി തുടരുന്ന ഈ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരം ആയില്ലെന്ന് പാലാ സ്റ്റേഡിയം വ്യൂ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി.എം.മാത്യു, മിനിമോൾ സിറിയക്ക്, മനോജ് കാടൻകാവിൽ, ജയേഷ് പി. ജോർജ്ജ് എന്നിവർ പറഞ്ഞു.

ളാലം ജംഗ്ഷനിലും സ്റ്റേഡിയം ജംഗ്ഷനിലുമൊക്കെ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഈരാറ്റുപേട്ട റോഡിൽ നിന്ന് വാഹനങ്ങൾ പുഴക്കരപ്പാലം വഴി തിരിച്ചു വിടാവുന്ന എളുപ്പവഴി കൂടിയാണിത്. എന്നാൽ ഈ വെള്ളക്കെട്ട് കടക്കാതെ മറ്റു മാർഗ്ഗമില്ല. റോഡിന്റെ സമീപവാസികൾക്കാകട്ടെ ചെറിയൊരു മഴ പെയ്താൽ വീട് വിട്ട് പുറത്തിറങ്ങാനാവാത്ത അവസ്ഥയും. മെയിൻ റോഡിലുള്ള ഓട നിറയുന്നതിനാൽ അവിടെ നിന്നുള്ള മലിനജലം താരതമ്യേന താഴ്ന്ന് കിടക്കുന്ന മൃഗാശുപത്രി റോഡിലേക്ക് കയറുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് യാത്രക്കാരും പരിസരവാസികളും ചൂണ്ടിക്കാട്ടുന്നു.


റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കും : കൗൺസിലർ

പഴയ മൃഗാശുപത്രി റോഡിലെ വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നഗരസഭ നടപടി സ്വീകരിച്ചതായി പന്ത്രണ്ടാം വാർഡ് കൗൺസിലർ ജോസ് എടേട്ട് പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ പണികൾ ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇതറിഞ്ഞ ചിലർ ഇപ്പോൾ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.