പാലാ : മീനച്ചിലാറിന്റെ തീരത്ത് കിടങ്ങൂർ കാവാലിപ്പുഴ കടവിൽ പ്രകൃതി അനുഗ്രഹിച്ച് സൃഷ്ടിച്ച കാവാലിപ്പുഴ മിനി ബീച്ചിനായി ഒരുക്കേണ്ടത് പ്രകൃതി സൗഹൃദ വികസനമാണെന്ന് പ്രകൃതിസ്‌നേഹികളുടെ ആവശ്യം. കാവാലിപ്പുഴ ബീച്ച് സൗന്ദര്യവത്ക്കരിക്കുന്നതിനും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും റോഡ്, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കാൽക്കോടി രൂപ കിടങ്ങൂർ പഞ്ചായത്ത് നീക്കിവച്ചിരുന്നു. ബീച്ചിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നാണ് ബീച്ചിന്റെ അനന്തസാധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞ് പുറംലോകത്തെത്തിച്ച രമേഷ് കിടങ്ങൂർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ശൗചാലായം, സെക്യൂരിറ്റി സംവിധാനം, ടൂറിസവുമായി ബന്ധപ്പെട്ട് കടത്തുവള്ളങ്ങൾ, സുരക്ഷയൊരുക്കുന്നതിന് സി.സി.ടി.വി കാമറകൾ, കുടിവെള്ളം എന്നിവ സജ്ജീകരിക്കണം. ഇതു സംബന്ധിച്ച് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിലുമായി രമേശ് കിടങ്ങൂർ ചർച്ച നടത്തി.

സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കണം

കാവാലിപ്പുഴ ബീച്ചിനെ അലോസരപ്പെടുത്തുന്നത് ചുരുക്കം ചില സാമൂഹ്യവിരുദ്ധരാണ്. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ വലിച്ചെറിയുന്നതിന് പുറമെ ആനകളെ കുളിപ്പിക്കുകയും ആനപ്പിണ്ഡവും മറ്റും ആറ്റിൽതന്നെ നിക്ഷേപിച്ച് സ്ഥലംവിടുന്നവരുമുണ്ട്.

വിവിധ കലാലയങ്ങളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പല ഘട്ടങ്ങളിലായി മിനി ബീച്ചിലെ മാലിന്യങ്ങൾ കോരി മാറ്റിയെങ്കിലും ഫലം കാണുന്നില്ല.